ചണ്ഡീഗഢ്: പിറന്നാൾ ദിനത്തിൽ ബേക്കറിയിൽനിന്നും ഓർഡർ ചെയ്ത് വാങ്ങി കഴിച്ച കേക്കിൽനിന്ന് വിഷബാധയേറ്റ് പത്തുവയസ്സുകാരി മരിച്ചു. പഞ്ചാബിലെ പട്യാലയിൽ മാൻവി എന്ന പെൺകുട്ടിയാണ് മരിച്ചത്. മാൻവിയുടെ അനിയത്തി ഉൾപ്പെടെ കേക്ക് കഴിച്ച കുടുംബാംഗങ്ങൾക്കും ചികിത്സ തേടേണ്ടി വന്നു.
മാർച്ച് 24ന് വൈകുന്നേരം ഏഴോടെയാണ് മാൻവിയും കുടുംബവും കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. പട്യാലയിലെ ബേക്കറിയിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്താണ് കേക്ക് വാങ്ങിയത്. ജന്മദിനാഘോഷ ചിത്രങ്ങൾ മാൻവി സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്യുകയും ചെയ്തു. രാത്രി പത്തോടെ കുടുംബാംഗങ്ങൾക്കെല്ലാം ശാരീരിക അസ്വസ്ഥതകൾ കണ്ടു തുടങ്ങിയെന്ന് മുത്തച്ഛൻ ഹർബൻ ലാൽ പറയുന്നു.
മാൻവിയും അനിയത്തിയും ഛർദിച്ചു. ദാഹം തോന്നുകയും വായ വരണ്ടതായി അനുഭവപ്പെടുകയും ചെയ്തു. ശേഷം എല്ലാവരും ഉറങ്ങിയെങ്കിലും രാവിലെ ആയപ്പോഴേക്കും മാൻവിയുടെ ആരോഗ്യനില വഷളായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.
കേക്ക് കൻഹ എന്ന കടയിൽ നിന്ന് വാങ്ങിയ ചോക്ലേറ്റ് കേക്കാണ് വിഷബാധക്ക് കാരണമെന്ന് കുടുംബം പരാതി നൽകിയിട്ടുണ്ട്. കടയുടമക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേക്കിന്‍റെ സാമ്പിൾ പരിശോധനക്കയച്ചിരിക്കുകയാണ് അധികൃതർ.