അടൂരിലെ കാറപകടം : കാർ മനപ്പൂർവ്വം ലോറിയിലേക്ക് ഇടിച്ച് കയറ്റി, അപകടസമയത്ത് ഇരുവരും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല : മോട്ടോർ വാഹന വകുപ്പ് റിപ്പോര്‍ട്ട് പുറത്ത്

പത്തനംതിട്ട : പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചുകയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തൽ. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ട്രാക്ക് മാറി ബോധപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ലോറിയുടെ മുന്നിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്‍റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എൻഫോഴ്സ്മെന്‍റ് ആർടിഒ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് ഇന്ന് കൈമാറും.

ഇക്കഴിഞ്ഞ 28ന് രാത്രി പത്തോടെയാണ് അടൂർ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവർ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതാണെന്ന് നേരത്തെ തന്നെ ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. കാര്‍ അമിത വേഗതയില്‍ വന്ന് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവറും മൊഴി നല്‍കിയിരുന്നത്. ഇതേ കാര്യമാണിപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പും സ്ഥിരീകരിക്കുന്നത്.

സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. അതേസമയം, സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണവുമായി മുന്നോട്ടുപോവുകയാണ് പൊലീസ്. രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജ രവീന്ദ്രനെ വഴിമധ്യെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഹാഷിം എന്തിന് മരണത്തിലേക്ക് കാർ ഓടിച്ചു കയറ്റിയെന്നതാണ് പൊലീസിന് മുന്നിലെ ചോദ്യം.

read more : കേജിരിവാളിന്‍റെ ഫോൺ പരിശോധിക്കാൻ ആപ്പിളിന്‍റെ സഹായം തേടി ഇ.ഡി; തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചോർത്താനുള്ള ശ്രമമെന്ന് എ.എ.പി

ബന്ധുക്കൾക്ക് ഇവരുടെ സൗഹൃദത്തെ കുറിച്ച് പോലും ഒന്നും അറിയില്ലെന്ന് മറുപടി നൽകിയിട്ടുണ്ട്. ഇത് ഇരു കുടുംബങ്ങളും ആവർത്തിക്കുമ്പോൾ ശാസ്ത്രീയ പരിശോധനയിലൂടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്.അനുജയെ കൊലപ്പെടുത്തിയ ശേഷം, ജീവനൊടുക്കാൻ ഹാഷിം തീരുമാനിച്ച് ഇറങ്ങിയതാണോ എന്നതിൽ ദുരൂഹത മാറണം. അതോ ജീവനൊടുക്കാൻ ഇരുവരും ഒന്നിച്ച് തീരുമാനിച്ചതാണോ എന്നതിലും ദുരൂഹത നീക്കുകയാണ് ലക്ഷ്യം. അപകടം ഉണ്ടാകും മുൻപ് അനുജ അവസാനമായി സംസാരിച്ച തുമ്പമൺ സ്കൂളിലെ അധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.