തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കടലാക്രമണ മേഖലയിൽനിന്ന് മത്സ്യത്തൊഴിലാളികൾ മാറി താമസിക്കണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞതിന് പിന്നാലെ ഇന്ന് കടൽക്ഷോഭമുണ്ടായിരുനന്നു. കടലാക്രമണത്തിൽ നിരവധി വീടുകളും വള്ളങ്ങളും തകർന്നു. റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കടൽക്ഷോഭം സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
തൃശൂര്‍ പെരിഞ്ഞനം ബീച്ചിലാണ് ശക്തമായ കടലേറ്റം അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിച്ച കടലേറ്റം ഇപ്പോഴും തുടരുകയാണ്. കടലേറ്റത്തില്‍ നിരവധി വള്ളങ്ങളും വലകളും നശിച്ചു. തെമ്മാര്‍ എന്ന പ്രതിഭാസമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ കടലില്‍ കടല്‍ ചുഴലി കണ്ടിരുന്നതായും തൊഴിലാളികള്‍ പറഞ്ഞു.
തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷമാണ്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ ആരംഭിച്ച കടല്‍ക്ഷോഭം ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പും ഇല്ലായിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
വലിയതുറ, പൊഴിയൂര്‍, പൂന്തുറ തുടങ്ങിയ മേഖലകളില്‍ സ്ഥിതി രൂക്ഷമാണ്. അഞ്ചുതെങ്, വര്‍ക്കല മേഖലകളിലും കടല്‍ക്ഷോഭം ശക്തമാണ്.
പൊഴിയൂരില്‍ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നു. കോവളത്തെ തീരപ്രദേശങ്ങളിലുള്ള കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. തുടര്‍ന്ന്, പ്രദേശത്ത് വിനോദസഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ ഇറങ്ങുന്നതിനും നിരോധനമുണ്ട്.
ആലപ്പുഴയിലും സ്ഥിതി രൂക്ഷമാണ്. ജില്ലയിലെ പുറക്കാട്, വളഞ്ഞവഴി, ചേര്‍ത്തല, പള്ളിത്തോട് എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴയിലും കടലാക്രമണം രൂക്ഷമാണ്. തൃക്കുന്നപ്പുഴ-വലിയഴീക്കല്‍ റോഡില്‍ ഗതാഗതം നിലച്ചു.
കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം. ഇവിടെയും ശക്തമായ തിരമാലകളും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഇത്രയധികം മേഖലകളില്‍ കടലാക്രമണം അനുഭവപ്പെട്ടതോടെ സംസ്ഥാനത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. ഇനിയും ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.