റമദാനിൽ ഇരട്ട പുണ്യം ലഭിക്കുന്ന സൽപ്രവൃത്തിയാണ് ഓരോ നോമ്പു തറയും. ഇവിടെയിതാ നാല് കിലോമീറ്ററിലേറെ നീളത്തിൽ ഇഫ്താർ വിളമ്പി റെക്കോർഡിട്ടിരിക്കുകയാണ് അജ്മാൻ. 15,000 പേരെയാണ് ഏറ്റവും നീളമേറിയ ഇഫ്താറിൽ നോമ്പുതുറപ്പിച്ചത്. അജ്മാനിലെ സഫിയ പാർക്കിലാണ് കഴിഞ്ഞ ദിവസം വേറിട്ട ഈ നോമ്പുതുറക്ക് വേദിയൊരുക്കിയത്.
സായിദ് ജീവകാരുണ്യ ദിനാചാണത്തിന് മുന്നോടിയായി അജ്മാനിലെ എമിറേറ്റ്സ് റെഡ് ക്രസന്റ് സൊസൈറ്റിയാണ് ഈ ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്. അജ്മാൻ രാജകുടുംബാംഗങ്ങൾ മുതൽ പ്രവാസി തൊഴിലാളികൾ വരെ നീളമേറിയ ഇഫ്താർ വിരുന്നൊരുക്കാൻ ഭക്ഷണത്തിന് മുന്നിൽ നിരന്നിരുന്നു. 500 മീറ്റർ വ്യത്യാസത്തിൽ മൂന്ന് വരികളിലായി ഒരുക്കിയ ഇഫ്താർ പന്തികൾ മൊത്തം 4.1 കിലോമീറ്റർ നീളമുണ്ടായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു.
ശൈഖ് ഹുമൈദ് ബിൻ അമ്മാർ ആൽനുഐമി, ശൈഖ് റാശിദ് ബിൻ അമ്മാർ ആൽനുഐമി തുടങ്ങി അജ്മാൻ രാജകുടുംബത്തിലെ പ്രമുഖരും, ഉന്നത ഉദ്യോഗസ്ഥരും ഇഫ്താറിൽ പങ്കെടുത്തു. നോമ്പുതുറയിൽ പങ്കെടുത്തവരെല്ലാം ചേർന്ന് സഫിയപാർക്കിൽ മഗ്രിബ് നമസ്കാരവും നിർവഹിച്ചു.