അഹമ്മദാബാദ്: ഐ.പി.എല്ലില്‍ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. ഗുജറാത്തിനായി സായ് സുദര്‍ശനും(45) മില്ലറും(44) തിളങ്ങി.
ഭേദപ്പെട്ട തുടക്കമാണ് വൃദ്ധമാന്‍ സാഹയും ശുഭ്മാന്‍ ഗില്ലും ഗുജറാത്തിന് നല്‍കിയത്. 13 പന്തിൽ 25 റൺസ് നേടിയ സാഹയെ പുറത്താക്കി ഷഹബാസ് അഹ്മദ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. രണ്ടാം വിക്കറ്റിൽ സായ് സുദർശനും ശുഭ്മൻ ഗില്ലും ചേർന്ന് ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. സാവധാനത്തിൽ ഇന്നിംഗ്സ് കെട്ടിപ്പടുത്ത ഇരുവരും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തു. 28 പന്തിൽ 36 റൺസ് നേടിയ ഗില്ലിനെ മടക്കി മാർക്കണ്ഡെ ഹൈദരാബാദിനെ വീണ്ടും കളിയിലേക്ക് തിരികെയെത്തിച്ചു.
മൂന്നാം വിക്കറ്റിൽ സായ് സുദർശനും ഡേവിഡ് മില്ലറും ചേർന്ന കൂട്ടുകെട്ടാണ് ഗുജറാത്തിനെ വിജയിപ്പിച്ചത്. മധ്യ ഓവറുകളിൽ സ്കോറ് ഉയർത്താൻ വിഷമിച്ച ഇരുവരും സാവധാനം ആക്രമണ മൂഡിലെത്തി. മായങ്ക് മാർക്കണ്ഡെ എറിഞ്ഞ 16ആം ഓവറിൽ 24 റൺസ് പിറന്നത് നിർണായകമായി. സുദർശനെ കമ്മിൻസ് മടക്കിയെങ്കിലും മില്ലറുമൊത്ത് മൂന്നാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്താണ് താരം പുറത്തായത്. 27 പന്തിൽ 44 റൺസ് നേടി പുറത്താവാതെ നിന്ന മില്ലർ ഗുജറാത്തിന് വിജയം സമ്മാനിച്ചു.
നേരത്തേ നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162-റണ്‍സാണ് ഹൈദരാബാദ് നേടിയത്. അഞ്ചാം ഓവറില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ അസ്മത്തുള്ള ഒമര്‍സായ് ദര്‍ശന്‍ നാല്‍കണ്ഡെയുടെ കൈകളിലെത്തിച്ച് മടക്കിയയച്ചു. 17 പന്തില്‍ 16 റണ്‍സാണ് മായങ്ക് നേടിയത്. പവര്‍പ്ലേ കഴിഞ്ഞ് നൂര്‍ അഹ്‌മദ് എറിഞ്ഞ അടുത്ത ഓവറില്‍ ട്രാവിസ് ഹെഡും പുറത്തായി. 14 പന്തില്‍ 19 റണ്‍സാണ് ഹെഡ് നേടിയത്.
പിന്നാലെ അഭിഷേക് ശര്‍മ (20 പന്തില്‍ 29), ഹീന്റിച്ച് ക്ലാസന്‍ (13 പന്തില്‍ 24) എന്നിവരെ യഥാക്രമം മോഹിത് ശര്‍മയും ഉമേഷ് യാദവും മടക്കിയയച്ചു. അവസാന ഓവറില്‍ ഷഹബാസ് അഹ്‌മദിനെയും (20 പന്തില്‍ 22) വാഷിങ്ടണ്‍ സുന്ദറിനെയും (പൂജ്യം) മോഹിത് ശര്‍മ പുറത്താക്കി. അവസാന ഓവറുകളില്‍ അബ്ദുല്‍ സമദിന്റെ ഇന്നിങ്‌സാണ് (14 പന്തില്‍ 29) ആണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഗുജറാത്തിനുവേണ്ടി നാലോവറില്‍ 25 റണ്‍സ് വിട്ടുനല്‍കി മോഹിത് ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒമര്‍സായ്, റാഷിദ് ഖാന്‍, നൂര്‍ അഹ്‌മദ്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.