‘രാജ്യത്തെ അഴിമതിക്കാർ ഒരുമിച്ച് ചേർന്ന് ഇന്ത്യാസഖ്യം രൂപീകരിച്ചു’; പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി നരേന്ദ്ര മോദി

ലക്നൗ: രാജ്യത്തെ അഴിമതിക്കാർ ഒരുമിച്ച് ചേർന്ന് ഇന്ത്യാസഖ്യം രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്നും രാജ്യത്തെ അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി താൻ സ്വീകരിച്ചുവെന്നും മോദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി മീററ്റിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

കച്ച്ത്തീവ് ദ്വീപ് കോൺഗ്രസ് വിട്ടുകൊടുത്തതും പ്രധാനമന്ത്രി ആവർത്തിച്ചു. കച്ചത്തീവ് ഇന്ത്യയിൽ നിന്ന് വെട്ടിമുറിച്ചത് കോൺഗ്രസാണ്, ഇന്ത്യ വിഭജിച്ച ഇന്ത്യാ സഖ്യത്തെ എങ്ങനെ വിശ്വസിക്കുമെന്നും മോദി ചോദിച്ചു.

വിമർശനങ്ങൾക്ക് പുറമെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികളും നരേന്ദ്രമോദി ഉയർത്തിക്കാട്ടി. വനിതാ സംവരണവും രാമക്ഷേത്രവും ചൗധരി ചരൺ സിംഗിന് ഭാരതരത്‌ന നൽകിയതും നരേന്ദ്രമോദി ബിജെപിയുടെ മികവായി എടുത്തുപറഞ്ഞു.

സംഭവിക്കില്ലെന്ന് കരുതിയ പലതും എൻഡിഎ സര്‍ക്കാര്‍ നടപ്പിലാക്കി, അയോധ്യയില്‍ ഇക്കുറി രാംലല്ലയും ഹോളി ആഘോഷിച്ചു, മുത്തലാഖ് നിരോധിച്ച് മുസ്ലീം സ്ത്രീകളുടെ അവകാശം സംരക്ഷിച്ചുവെന്നും മോദി പറഞ്ഞു.

ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും അഴിമതിക്കാരെ ഇല്ലാതാക്കമെന്നും മോദി പറഞ്ഞു. അഴിമതിക്കാരില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം രാജ്യത്തെ സാധാരണക്കാര്‍ക്ക് തിരിച്ചുനല്‍കുമെന്നും മോദി ആവര്‍ത്തിച്ചു.