കോഴിക്കോട്: യുവാക്കളുടെ ക്ഷേമ പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടില്‍ 20 ലക്ഷം രൂപ സംസ്ഥാന യുവജന കമീഷൻ (കെ.എസ്.വൈ.സി) വകമാറ്റിയെന്ന് റിപ്പോർട്ട്. ചിന്ത ജോറോം ചെയർപേഴ്സൻ ആയിരുന്നപ്പോഴാണ് ഫണ്ട് വകമാറ്റി ചെലവഴിച്ചത്. അന്തരാഷ്ട്രാ ഫിലിം ഫെസ്റ്റിവല്‍ സ്പോണ്‍സർ ചെയ്യുന്നതിനാണ് 10 ലക്ഷം രൂപ വീതം വക മാറ്റിയതെന്ന് പരിശോധയില്‍ കണ്ടെത്തി.
യുവജനങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ക്കായി നടപ്പിലാക്കുന്നതിന് നിയമസഭ യുവജന കമീഷനെ അധികാരപ്പെടുത്തിയിരുന്നു. 2021-22 ല്‍ 75,42,000, 2022-23 ല്‍ 62,00,000 രൂപ എന്നിങ്ങനെ പ്ലാൻ സ്കീമുകള്‍ക്കായി അനുവദിച്ചു. സൈബർ കുറ്റകൃത്യങ്ങള്‍, ഭീകരവാദം, റോഡ് സുരക്ഷ, കോളജുകളിലും എസ്.സി/എസ്.ടി കോളനികളിലും യുവാക്കള്‍ക്കായി മാനസികാരോഗ്യ പരിപാടികള്‍ നടത്തുന്നതിനും ഗ്രീൻ യൂത്ത് പ്രോഗ്രാം, വെർച്വല്‍ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് തുടങ്ങിയ യൂത്ത് ഫെലിസിറ്റേഷൻ പ്രോഗ്രാമുകള്‍ക്കുമാണ് പ്ലാൻ ഫണ്ടുകള്‍ വിനിയോഗിക്കേണ്ടത്.
എന്നാല്‍, കണക്കുകള്‍ പരിശോധിച്ചതില്‍, യുവജനക്ഷേമത്തിന്റെ പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി അനുവദിച്ച ഫണ്ടിന്റെ ഗണ്യമായ ഒരു ഭാഗം കമീഷൻ സംസ്ഥാന ചലച്ചിത്ര അക്കാദമിയിലേക്ക് മാറ്റിയതായി കണ്ടെത്തി. അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി, 2021-22, 2022-23 വർഷങ്ങളില്‍ 10 ലക്ഷം വീതം വകമാറ്റി.
ചലച്ചിത്ര അക്കാദമി നടത്തിയ ‘കേരള ഇൻറർനാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡ്’ സ്പോണ്‍സർ ചെയ്യുന്നതിനായി തുക വിനിയോഗിച്ചു. ചലച്ചിത്ര അക്കാദമി സമർപ്പിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് പ്രകാരം, യുവജന കമീഷനെ പ്രതിനിധീകരിച്ച് ചില പരസ്യങ്ങള്‍ കാണിക്കുകയും കമീഷന്റെ ലോഗോ പ്രദർശിപ്പിക്കുകയും അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കമീഷന് 23 പാസുകള്‍ നല്‍കുകയും ചെയ്തു.