തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിന്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്.
നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജിയെ (46) ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് ബിജുവും പോലീസും പറയുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ത്ഥി വി ജോയിക്ക് വേണ്ടിപ്രചാരണം നടത്തുകയായിരുന്നു ബിജു അടക്കമുള്ള പ്രവര്‍ത്തകര്‍. ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ബിജുവിന് നേരേക്ക് ആക്രമണമുണ്ടായത്.
ബിജു വീട്ടിലെത്തിയ സമയത്ത് സജി മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന് സജി ബിജുവിനെ അസഭ്യം വിളിച്ചു. ഇതോടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് പറഞ്ഞ് തിരിഞ്ഞുനടന്ന ബിജുവിന് നേര്‍ക്ക് സജി കഞ്ഞി തിളച്ചുകൊണ്ടിരുന്ന മൺകലം എടുത്ത് എറിയുകയായിരുന്നു.
ബിജു കൈകൊണ്ട് കലം തടുക്കുകയും തുടര്‍ന്ന് കലം തകര്‍ന്ന് തിളച്ച കഞ്ഞി ദേഹത്തേയ്ക്ക് വീണ് ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തി ചികിത്സ തേടി. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സജിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഇയാളുമായി തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്നും ബിജു പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മറ്റ് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഇന്‍സ്പെക്ടര്‍ വി. ജയകുമാര്‍ അറിയിച്ചു.