വിശാഖപട്ടണം: ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് ആദ്യ ജയം. 20 റൺസിനാണ് ഡൽഹിയുടെ ജയം. 192 റൺസ് വിജലയക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടാനേ സാധിച്ചുള്ളൂ. 30 പന്തിൽ 45 റൺസ് നേടിയ അജിങ്ക്യ രഹാനെയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ധോണി 16 പന്തിൽ പുറത്താവാതെ 37 റൺസ് നേടി.
സീസണില്‍ ആദ്യമായിറങ്ങിയ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഉജ്ജ്വല തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. പവര്‍ പ്ലേയിലെ ആദ്യ നാലോവറില്‍ 24 റണ്‍സാണ് നേടിയതെങ്കില്‍ പിന്നീടുള്ള രണ്ടോവറുകളില്‍ 38 റണ്‍സ് നേടി. ഇതോടെ പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 62 റണ്‍സ് ഡല്‍ഹി അടിച്ചുകൂട്ടി.
35 പന്തില്‍ 52 റണ്‍സ് നേടിയ വാര്‍ണര്‍ പത്താം ഓവറില്‍ പുറത്തായി. അപ്പോഴേക്ക് പ്രിത്വി ഷായ്‌ക്കൊപ്പം 93 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. തൊട്ടടുത്ത ഓവറില്‍ പൃഥ്വി ഷായും മടങ്ങി (27 പന്തില്‍ 43). സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഷായെ തഴഞ്ഞിരുന്നു. മൂന്നാമതായെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്ത് 32 പന്തുകളില്‍ 51 റണ്‍സ് നേടി. കാറപകടത്തില്‍നിന്ന് തിരിച്ചുവന്നതിനുശേഷമുള്ള ഋഷഭിന്റെ ഏറ്റവും മനോഹരമായ ഇന്നിങ്‌സ്. മൂന്ന് സിക്‌സുകളും നാല് ഫോറുകളും ഋഷഭിന്റെ ബാറ്റില്‍നിന്ന് പിറന്നു. മതീഷ പതിരണയുടെ പന്തില്‍ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്‌വാദിന് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.
മിച്ചല്‍ മാര്‍ഷ് (18), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. ഒന്‍പത് റണ്‍സുമായി അഭിഷേക് പൊരേലും ഏഴ് റണ്‍സുമായി അക്‌സര്‍ പട്ടേലും പുറത്താകാതെ നിന്നു. ചെന്നൈക്കുവേണ്ടി മതീഷ പതിരണ നാലോവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. മുസ്താഫിസുര്‍റഹ്‌മാന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, വളരെ പരിതാപകരമായാണ് തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തിൽ ഋതുരാജ് ഗെയ്ക്‌വാദിനെ (1) ഖലീൽ അഹ്മദ് പുറത്താക്കി. സ്വിങ്ങിൽ വിഷമിച്ച രചിൻ രവീന്ദ്ര മൂന്നാം ഓവറിലെ അവസാന പന്തിൽ ഖലീലിൻ്റെ രണ്ടാം ഇരയായി. 12 പന്ത് നേരിട്ട താരം വെറും രണ്ട് റൺസ് മാത്രമാണ് നേടിയത്.
മൂന്നാം വിക്കറ്റില്‍ പക്ഷേ, അജിങ്ക്യ രഹാനെയും ഡറില്‍ മിച്ചലും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി പ്രതീക്ഷയേകി. മിച്ചലിനെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി (26 പന്തില്‍ 34). 14-ാം ഓവര്‍ എറിയാനെത്തിയ മുകേഷ് കുമാര്‍, അടുത്തടുത്ത പന്തുകളില്‍ ശിവം ദുബെയും (17 പന്തില്‍ 18) സമീര്‍ റിസ്‌വിയെയും (പൂജ്യം) മടക്കിയതോടെ ഡല്‍ഹിയുട പ്രതീക്ഷ സജീവമായി.
പിന്നീട് ധോനിയെത്തിയതോടെ കളി മാറി. എന്തും സംഭവിക്കാമെന്ന അവസ്ഥ വന്നു. ആദ്യ പന്തില്‍ത്തന്നെ ഫോറടിച്ച് ഗാലറിയെ ആവേശഭരിതമാക്കി. സിക്‌സും ഫോറുമായി ധാേനി കളം നിറഞ്ഞതോടെ ഖലീല്‍ അഹ്‌മദും മുകേഷ് കുമാറും ഉള്‍പ്പെടെയുള്ള ഡല്‍ഹിയുടെ ബൗളിങ് നിര, പേടിച്ച് വൈഡുകളെറിഞ്ഞുകൂട്ടി. പക്ഷേ, ഒടുക്കം ഡല്‍ഹി 20 റണ്‍സിന്റെ ജയം സ്വന്തമാക്കി.