ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ തുല്യ അവസരം ഉറപ്പാക്കണമെന്ന് ഇന്ത്യാസഖ്യം തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണു തിരഞ്ഞെടുപ്പു കമ്മിഷനോടുള്ള 5 ആവശ്യങ്ങൾ അവതരിപ്പിച്ചത്. ബിജെപി ജനാധിപത്യവിരുദ്ധമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നും പോരാടാനും വിജയിക്കാനും ജനാധിപത്യം സംരക്ഷിക്കാനും പ്രതിപക്ഷസഖ്യം പ്രതിജ്ഞാബദ്ധരാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ആവശ്യങ്ങൾ ഇവ
1. എല്ലാ പാർട്ടികൾക്കും തുല്യമായ അവസരം ഉറപ്പാക്കണം
2.പ്രതിപക്ഷ പാർട്ടികൾക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് എന്നീ കേന്ദ്ര ഏജൻസികളുടെ നടപടികൾ അവസാനിപ്പിക്കണം.
3.അരവിന്ദ് കേജ്‌രിവാൾ, ഹേമന്ത് സോറൻ എന്നിവരെ ഉടൻ കസ്റ്റയിൽനിന്നു വിടണം.
4.പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി ഞെരുക്കാനുള്ള നടപടി അവസാനിപ്പിക്കണം.
5.തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ രൂപത്തിൽ ബിജെപി നടത്തുന്ന കള്ളപ്പണം വെളുപ്പിക്കലും കൊള്ളയടിക്കലും അന്വേഷിക്കാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണസംഘം രൂപീകരിക്കണം.