ഗാസ: മധ്യ ഗാസയിൽ, അഭയാർഥി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അൽ അഖ്സ ആശുപത്രി പരിസരം ഇസ്രയേൽ ബോംബിട്ടു തകർത്തു. ഇവിടെ താൽക്കാലിക ടെന്റിൽ കഴിഞ്ഞിരുന്ന 2 മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. പലസ്തീൻ സായുധ സംഘങ്ങളുടെ കമാൻഡ് കേന്ദ്രമാണു ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ സേനയുടെ വാദം.
യുദ്ധം രൂക്ഷമായ മേഖലകളിൽനിന്നു പലായനം ചെയ്തെത്തിയവരും മാധ്യമപ്രവർത്തകരും കഴിഞ്ഞിരുന്ന ടെന്റുകളാണ് ആക്രമണത്തിൽ തകർന്നതെന്ന് ഗാസയിലെ മീഡിയ ഓഫിസ് പറഞ്ഞു. രണ്ടു തവണ വ്യോമാക്രമണം ഉണ്ടായി. എത്ര പേർ മരിച്ചെന്നു പറയാനാകാത്തവിധം ചിതറിയ നിലയിലാണു മൃതദേഹങ്ങളെന്നു ദൃക്സാക്ഷികളും ആരോഗ്യപ്രവർത്തകരും പറഞ്ഞു. അഭയാർഥികളും മാധ്യമപ്രവർത്തകരും 6 മാസത്തിലേറെയായി അൽ അഖ്സ വളപ്പിലെ താൽകാലിക ടെന്റുകളിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 77 പേർ കൊല്ലപ്പെട്ടു. 108 പേർക്കു പരുക്കേറ്റു. യുദ്ധത്തിലെ ആകെ മരണം 32,782. ഇതിനിടെ, ഈ മാസങ്ങളിലെല്ലാം ഇസ്രയേലുമായി പങ്കിട്ട ഇന്റലിജൻസ് വിവരങ്ങൾ ഗാസയിലെ വ്യോമാക്രമണങ്ങൾക്കും കൂട്ടക്കൊലകൾക്കും സഹായിച്ചിട്ടുണ്ടാകാമെന്ന ആശങ്ക യുഎസിനുണ്ടെന്ന് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സമാധാനചർച്ചകൾ കയ്റോയിൽ പുനരാരംഭിക്കുകയാണെന്ന് ഈജിപ്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസ് പങ്കെടുക്കില്ലെന്നാണ് വിവരം. ലെബനനിൽനിന്നുള്ള രണ്ടു റോക്കറ്റുകൾ തകർത്തെന്ന് ഇസ്രയേൽ സേന അറിയിച്ചു. ഇസ്രയേൽ കുടിയേറ്റം സ്ഥാപിച്ച ഷേബാ ഫാംസ് മേഖലയിലേക്കാണു ഹിസ്ബുല്ലയുടെ റോക്കറ്റുകളെത്തിയത്.
Read also: കേരളത്തിന്റെ കടമെടുപ്പ്: സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവു നൽകും