റിയാസ് മൗലവി കൊലക്കേസ്: കേസന്വേഷണത്തിലും നടത്തിപ്പിലും അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വിധി സമൂഹത്തില്‍ വല്ലാത്ത ഞെട്ടലുളവാക്കിയിട്ടുണ്ട്, ഘാതകര്‍ക്ക് ശിക്, ഉറപ്പാക്കാന്‍ നിയമത്തിന്റെ എല്ലാ വഴികളും തേടും

മതവിദ്വേഷത്തിന്റെ ഭാഗമായി മനുഷ്യരെ കൊല്ലുന്ന രീതി എന്തു വിലകൊടുത്തും അവസാനിപ്പിക്കുക തന്നെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ ഇടപെടലും നടപടികളും ഉണ്ടായിട്ടുണ്ട്. റിയാസ് മൗലവി കേസ് അന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുമുള്ള അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ല. വിധി വന്നതിന് ശേഷവും സര്‍ക്കാര്‍ ഈ കേസില്‍ പുലര്‍ത്തിയ ജാഗ്രതയും ആത്മാര്‍ത്ഥയും അര്‍പ്പണബോധവും ആ കുടുംബം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് എന്നത് കാണാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

എന്നാല്‍ ഇത്രയധികം തെളിവുകളും ശാസ്ത്രീയപരിശോധനാ ഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷന്റെ കണ്ടെത്തലുകള്‍ ശരിവെച്ചില്ല. ഇത് സമൂഹത്തില്‍ വല്ലാത്ത ഞെട്ടലുളവാക്കിയിട്ടുണ്ട്. റിയാസ് മൗലവിയുടെ ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഐപിസി 153 എ പ്രകാരമുള്ള കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യത്യസ്ത ജന വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുക വഴി കലാപമുണ്ടാക്കാന്‍ ശ്രമം നടത്തുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന വകുപ്പാണ് യു.എ.പി.എ. അറസ്റ്റിലായ ശേഷം പ്രതികള്‍ ജാമ്യം ലഭിക്കാതെ 7 വര്‍ഷവും 7 ദിവസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. യു.എ.പി.എ ചുമത്താനുള്ള അപേക്ഷ ഹൈക്കോടതി തന്നെ വിചാരണക്കോടതിയുടെ തീര്‍പ്പിന് വിട്ടതാണ്. യു.എ.പി.എ നിയമത്തെ അനുകൂലിക്കുന്നവരില്‍ നിന്നാണോ ഇപ്പോഴത്തെ വിമര്‍ശനം എന്നത് പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തുകൊണ്ട് യു.എ.പി.എ ചുമത്തിയില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഈ മറുപടി നല്‍കിയത്.

2017 മാര്‍ച്ച് 20ന് അര്‍ദ്ധരാത്രിയാണ് ചൂരി പഴയ ജുമാ മസ്ജിദിനോട് ചേര്‍ന്നുള്ള വാസസ്ഥലത്ത് വെച്ച് കുടക് സ്വദേശിയും കാസര്‍കോട് പഴയചൂരി പള്ളിയിലെ മദ്രസാധ്യാപകനുമായിരുന്ന റിയാസ്മൗലവി കൊല്ലപ്പെടുന്നത്. ബേക്കല്‍ കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ് ആദ്യം കേസന്വേഷണം നടത്തിയത്. കാസര്‍ഗോഡ് പോലീസ് സ്റ്റേഷനില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അന്നുതന്നെ കേസന്വേഷണം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ഏല്‍പ്പിച്ചു. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി ഡോ. ശ്രീനിവാസന്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുളള സംഘമാണ് പിന്നീട് കേസന്വേഷണം നടത്തിയത്.

സംഭവം നടന്ന് 96 മണിക്കൂറുകള്‍ തികയും മുന്‍പ് തന്നെ 2017 മാര്‍ച്ച് 23ന് മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അന്നുമുതല്‍ ഏഴു വര്‍ഷവും ഏഴു ദിവസവും അവര്‍ വിചാരണ തടവുകാരായി ജയിലില്‍ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിന് വേണ്ടി ശ്രമിച്ചെങ്കിലും സര്‍ക്കാരിന്റെ കര്‍ക്കശമായ നിലപാട് മൂലം ജാമ്യം ലഭിച്ചതേ ഇല്ല. 85-ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാ മൂലമുള്ള ആവശ്യ പ്രകാരം കോഴിക്കോട് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും മികച്ച ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളുമായ അഡ്വ. അശോകനെ 2017 ജൂണ്‍ 14ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള കുറ്റകൃത്യമാണ് നടന്നത് എന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2017 ജൂണ്‍ 15ന് ഐ.പി.സി 153 എ കുറ്റപത്രത്തില്‍ ചേര്‍ക്കാനുളള സര്‍ക്കാര്‍ അനുമതി പത്രംനല്‍കി. 97 സാക്ഷികളെയും 375 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 87 സാഹചര്യ തെളിവുകളും, 124 മേല്‍ക്കോടതി ഉത്തരവുകളും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കി. 2019 ല്‍ വിചാരണ നടപടികള്‍ തുടങ്ങി. 2023 മെയ് ഒന്നിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അശോകന്‍ നിര്‍ഭാഗ്യവശാന്‍ മരണപ്പെട്ടു.

വീണ്ടും ഭാര്യ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അശോകന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ കോഴിക്കോട്ടെ അഡ്വ. ടി ഷാജിത്തിനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു. കേസന്വേഷണത്തിലും, വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും പുലര്‍ത്തിയത്. അതില്‍ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടില്ല. അവരുടെ ആത്മര്‍ത്ഥയേയും അര്‍പ്പണബോധത്തെയും കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബവും എടുത്തു പറഞ്ഞിട്ടുമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.