*401# സർവീസസ് എന്നറിയപ്പെടുന്ന നിലവിലുള്ള USSD അടിസ്ഥാനമാക്കിയുള്ള കോൾ ഫോർവേഡിങ് സൗകര്യം ഏപ്രിൽ 15 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്താൻ ടെലികോം ഓപ്പറേറ്റർമാരോട് സർക്കാർ ഉത്തരവിട്ടു. സേവനം വീണ്ടും സജീവമാക്കുന്നതിന് ബദൽ രീതികളിലേക്ക് നീങ്ങാനും ടെലികോം ഡിപ്പാർട്ട്‌മെൻ്റ് ടെലികോം ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക ഉത്തരവിൽ പറയുന്നു.
IMEI നമ്പറുകളും മൊബൈൽ ഫോൺ ബാലൻസുകളും പരിശോധിക്കുന്നതിന് യു.എസ്.എസ്.ഡി സേവനം മൊബൈൽ വരിക്കാർ പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ, യു.എസ്.എസ്.ഡി അടിസ്ഥാനമാക്കിയുള്ള കോൾ ഫോർവേഡിംഗ് സൗകര്യം വ്യാപകമായി സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നതിനെ തുടർന്നാണ് അവ നിർത്തലാക്കാനുള്ള ഉത്തരവിറക്കിയിരിക്കുന്നത്.
വൺ-ടൈം പാസ്‌വേഡ് (OTP) പോലുള്ള രഹസ്യ വിവരങ്ങൾ മോഷ്ടിക്കുന്നതിന്, യു.എസ്.എസ്.ഡി സേവനത്തിലൂടെ മറ്റ് ഫോൺ നമ്പറുകളിലേക്ക് കോൾ ഫോർവേഡിങ് സജീവമാക്കാൻ മൊബൈൽ ഫോൺ ഉപയോക്താക്കളെ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്ന സംഭവങ്ങൾ നിരവധിയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
“USSD അടിസ്ഥാനമാക്കിയുള്ള കോൾ ഫോർവേഡിങ് സേവനം സജീവമാക്കിയ നിലവിലുള്ള എല്ലാ സബ്‌സ്‌ക്രൈബർമാരോടും അവരുടെ അറിയിപ്പ് കൂടാതെ അത്തരം സേവനങ്ങൾ സജീവമാകുന്നില്ലെന്ന് ഉറപ്പാക്കാനായി ബദൽ മാർഗ്ഗങ്ങളിലൂടെ കോൾ ഫോർവേഡിങ് സേവനങ്ങൾ വീണ്ടും സജീവമാക്കാൻ ആവശ്യപ്പെടാം,” ടെലികോം വകുപ്പ് പുറത്തുവിട്ട നോട്ടീസിൽ പറയുന്നു.