രാഹുല്‍ ഗാന്ധി ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് എന്‍ഡിഎ വയനാട് സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. വയനാട്ടിലുള്ള രാമഭക്തര്‍ ചോദിക്കുന്നത് എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി അയോദ്ധ്യയില്‍ മാത്രം പോകാത്തതെന്നാണ്. രാഹുല്‍ ഗാന്ധിയുടെ മതേതരത്വം വണ്‍ സൈഡഡ് അല്ലെങ്കില്‍ അദ്ദേഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും പോകുമെന്നും കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ഭയന്നാണ് രാഹുല്‍ അയോദ്ധ്യയില്‍ പോകാത്തത്. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏപ്രില്‍ 26 ന് ശേഷം അദ്ദേഹം അയോധ്യയില്‍ പോകുമായിരിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പരിഹസിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെങ്കിലും രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് സന്തോഷമാണ്. ഡി. രാജയും രാഹുല്‍ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്നത്തെ പത്രത്തിലുള്ളത്. ഡല്‍ഹിയില്‍ കെട്ടിപ്പിടുത്തവും വയനാട്ടില്‍ മത്സരവും എങ്ങനെയാണ് സാധ്യമാകുന്നത്. വിചിത്രമായ മത്സരമാണ് വയനാട്ടില്‍ നടക്കുന്നത്. പരിഹാസ്യമാണ് ഈ നിലപാട്.
ഇന്ത്യ സഖ്യത്തെ ഇത്തരം നിലപാടുകള്‍ അപ്രസക്തമാക്കും. ജനങ്ങള്‍ ഇത് മനസ്സിലാക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയോട് ചില ചോദ്യങ്ങളുണ്ട്. താങ്കള്‍ക്ക് എന്തുകൊണ്ടാണ് ദില്ലിയില്‍ ഒരു നയവും കേരളത്തില്‍ മറ്റൊരു നയവുമുള്ളത്? എന്തുകൊണ്ടാണ് ഒരു പട്ടികവര്‍ഗ്ഗക്കാരി രാഷ്ട്രപതിയാകുന്നതിനെ രാഹുല്‍ ഗാന്ധി എതിര്‍ത്തത്?. ദ്രൗപതി മുര്‍മുവിനെ ഇപ്പോഴും താങ്കളുടെ പാര്‍ട്ടിക്കാര്‍ പരിഹസിക്കുന്നതെന്താണ്?. പട്ടികവര്‍ഗ്ഗക്കാര്‍ 20% വരുന്ന മണ്ഡലത്തില്‍ വിജയിച്ച രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് രാഷ്ട്രപതിക്കെതിരെ നിലപാട് സ്വീകരിക്കുന്നത്?.
അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും എതിരായ ഇഡി അന്വേഷണത്തില്‍ പ്രതിഷേധിച്ച് ഇവിടെ റാലി നടത്താന്‍ രാഹുല്‍ഗാന്ധി തയ്യാറാകുമോ?. കെജരിവാളിന് വേണ്ടി പ്രതിഷേധിച്ചത് പോലെ പിണറായി വിജയനും, വീണക്കും എതിരായി ഇഡി വന്നാല്‍ കോണ്‍ഗ്രസ് പ്രതികരിക്കുമൊ?. കരുവന്നൂരില്‍ മാത്രമല്ല സിപിഎമ്മിന് എല്ലാ ജില്ലകളിലും രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നോട്ട് നിരോധന സമയത്ത് സമാഹരിച്ച പണമെല്ലാം അവര്‍ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചത്. നോട്ട് നിരോധന സമയത്ത് മുഖ്യമന്ത്രി സമരം ചെയ്തത് ഈ കള്ളപ്പണം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു.
സഹകരണബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം വീണ്ടെടുത്ത് പണം നഷ്ടമായവര്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് – സിപിഎം തീവെട്ടിക്കൊള്ളയ്ക്ക് ഇരയായവര്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും. വയനാട് ജില്ലയില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കിലും അഴിമതി നടന്നു. കോണ്‍ഗ്രസാണ് ഇതിന് പിന്നില്‍. സിപിഎമ്മും കോണ്‍ഗ്രസും നടത്തിയ സഹകരണകൊള്ളയെല്ലാം പുറത്തുകൊണ്ടുവരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ലോക്‌സഭാ കണ്‍വീനര്‍ പ്രശാന്ത് മലവയല്‍, ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യര്‍ എന്നിവര്‍ സംബന്ധിച്ചു.