പത്തനംതിട്ട: ഓട്ടോ ഡ്രൈവറെ കാട്ടാന കൊല്ലപെടുത്തിയതിൽ പ്രതിഷേധിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തി നാട്ടുകാർ. പ്രതിഷേധത്തിനിടെ പ്രദേശവാസികളും പൊലീസും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. കാട്ടാനയാക്രമണത്തിൽ പരിഹാരമില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
ആന്റോ ആന്റണി എംപി ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ സമരം തുടങ്ങിയതിനു പിന്നാലെയാണ് ജനകീയ പ്രതിഷേധം സ്റ്റേഷനിലേക്കെത്തിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു.
ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. വീടിന്റെ മുറ്റത്തെ കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് വീട്ടിൽനിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ മൃതദേഹം സ്ഥലത്തുനിന്നും മാറ്റാന്‍ പൊലീസിനെ അനുവദിച്ചിരുന്നില്ല. കലക്ടർ ഉൾപ്പെടെയുള്ളവർ എത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കലക്ടർ എത്തിയതോടെയാണ് രാവിലെ പ്രതിഷേധം തണുത്തത്.