മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാൾ ജയിലിലേക്ക് : ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്. ഡൽഹി റോസ് അവന്യൂ കോടതി ഏപ്രിൽ 15 വരെയാണ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് രാവിലെയാണ് ഇ.ഡി അദ്ദേഹത്തെ ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്.15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് ഇ.ഡി ആവശ്യപ്പെട്ടത്. കോടതി അത് അംഗീകരിക്കുകയായിരുന്നു. ഇ.ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ഹാജരായത്.

മാർച്ച് 21നാണ് മദ്യനയക്കേസിൽ ഇ.ഡി കെജ്‍രിവാളിനെ ഡൽഹിയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതു മുതൽ ജയിലിൽ നിന്നാണ് കെജ്രിവാൾ ഭരിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനയാണ് തന്റെ അറസ്റ്റ് എന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ പ്രമുഖ എ.എ.പി നേതാവാണ് കെജ്രിവാൾ. നേരത്തേ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും രാജ്യസഭ എം.പി സഞ്ജയ് സിങ്ങിനെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു മന്ത്രിയായിരുന്ന സത്യേന്ദർ ജെയിനും ജയിലാണ്.

Read more : മുംബൈ-ഹൈദരാബാദ് ഐ.പി.എൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.

വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, ബി.ആർ.എസ് നേതാവ് കെ. കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളില്‍ ഒമ്പതെണ്ണം ലഭിച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് 12 ശതമാനം മാര്‍ജിനും ചെറുകിടക്കാര്‍ക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായിരുന്നു പുതിയ നയം. ഈ 12 ശതമാനത്തില്‍നിന്ന് ആറ് ശതമാനം മൊത്തക്കച്ചവടക്കാരില്‍ നിന്ന് തിരികെ എ.എ.പി നേതാക്കള്‍ക്കു ലഭിക്കുന്ന തരത്തിലായിരുന്നു സംവിധാനമെന്നാണ് ഇ.ഡിയുടെ ആരോപണം. ഇത്തരത്തില്‍ 100 കോടി രൂപ എ.എ.പിക്കു ലഭിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം. കെ. കവിതയെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.