കനത്ത മഴയിൽ ഗുവാഹത്തി വിമാനത്താവളത്തിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു

ഗുവാഹത്തി: കനത്ത മഴയിലും കാറ്റിലും ഞായറാഴ്ച ഗുവാഹത്തി ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മേൽക്കൂരയുടെ ഒരുഭാഗം അടർന്നു വീണു. സംഭവത്തിൽ ആർക്കും പരിക്കില്ല. മേൽക്കൂര തകർന്നതിനെ തുടർന്ന് വിമാനത്താവളത്തിനുള്ളിൽ വെള്ളം കയറി. ഇതേതുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.

വിമാനത്താവളത്തിൽ നിറയെ ആളുകൾ ഉള്ളപ്പോഴായിരുന്നു സംഭവം. മേൽക്കൂര തകരുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മേൽക്കൂര തകർന്നതോടെ വിമാനത്താവളം വെള്ളത്തിലായി. കാറ്റിൽ വിമാനത്താവളത്തിന് പുറത്ത് വലിയ മരം കടപുഴകി വീണു. തുടർന്ന് ഗതാഗതവും തടസപ്പെട്ടുവെന്നും ചീഫ് എയർപോർട്ട് ഓഫിസർ ഉത്പൽ ബറുവ പറഞ്ഞു. മേൽക്കൂര വളരെ പഴക്കം ചെന്നതിനാലാണ് തകർന്നു വീണതെന്നും ചീഫ് എയർപോർട്ട് ഓഫിസർ പറഞ്ഞു.

അദാനി ഗ്രൂപ്പിന് കീഴിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ വിമാനങ്ങൾ കൊൽക്കത്തയിലേക്കും അഗർത്തലയിലേക്കുമാണ് വഴിതിരിച്ച് വിട്ടത്. വിമാനത്താവളത്തിന്‍റെ പ്രവർത്തനം പിന്നീട് പുനഃരാരംഭിച്ചു.