ന്യൂഡൽഹി : ആദായ നികുതി വകുപ്പ് നോട്ടീസിൽ സുപ്രീം കോടതിയെ സമീപിച്ച കോൺഗ്രസിന് ആശ്വാസം. 3,500 കോടിയിലധികം രൂപയുടെ കുടിശ്ശിക നോട്ടീസിൽ ജൂലൈ 24 വരെ നടപടി സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയെ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒരു പാർട്ടിക്കും പ്രശ്‌നമുണ്ടാക്കാൻ വകുപ്പ് ആഗ്രഹിക്കുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസ് ജൂലൈ 24ന് വീണ്ടും പരിഗണിക്കും.
രണ്ടുതവണ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതോടെയാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ആദ്യം 1823 കോടി രൂപ അടക്കണമെന്നായിരുന്നു നിർദേശം. ഞായറാഴ്ച 1745 കോടി കൂടി അടക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് ലഭിച്ചു. ആകെ 3568 കോടി രൂപ അടക്കാനായിരുന്നു നിർദേശം. കോൺഗ്രസിന്റെ അക്കൗണ്ടിൽനിന്ന് 135 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയുടെ ‘ടാക്സ് ടെററിസം’ എന്നാണ് കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്.
read more : കനത്ത മഴയിൽ ഗുവാഹത്തി വിമാനത്താവളത്തിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു
കോൺഗ്രസിന് പുറമെ സി.പി.ഐ, സി.പി.എം, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ബി.ജെ.പി കടുത്ത നികുതി ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ, ഇതേ അളവുകോൽവെച്ച് അവർ 4600 കോടി രൂപ നികുതി അടക്കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.