പലിശക്കാരും, പണക്കാരും എപ്പോഴും പാപ്പരാണെന്നേ പറയാറുള്ളൂ. എന്നാല്‍, ആര്‍ഭാടം കാണിക്കേണ്ടിടത്ത് കൃത്യമായും വ്യക്തമായും അത് കാണിക്കാന്‍ മടിക്കാറുമില്ല. അങ്ങനെയൊരാളാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ വ്യവസായിയും കോടീശ്വരനുമായ രാജീവ് ചന്ദ്രശേഖര്‍. പക്ഷെ സത്യവാങ്മൂലത്തില്‍ ഉള്ളതിന്റെ പോലും കാണിക്കില്ല. ഇദ്ദേഹത്തിന്റെ ആസ്ഥിയെ കുറിച്ച് അന്വേഷിച്ചവരും പഠനം നടത്തിയവരും നിരവധിയാണ്. 2018ല്‍ രാജ്യസഭാ എംപിയാകാന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് അന്വേഷിച്ചവര്‍ക്കും ബോധമുള്ളവര്‍ക്കും ബോധ്യമായതാണ്. എന്നാല്‍, രാജീവ് ചന്ദ്രശേഖര്‍ എം.പിയായി കേന്ദ്ര മന്ത്രിയുമായി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡല്തില്‍ നിന്ന് മത്സരിക്കുകയാണ് അദ്ദേഹം. ഇത്തവണയും സത്യവങ്മൂലം സമര്‍പ്പിക്കേണ്ടതുണ്ട്. ഇദ്ദേഹത്തിന്റെ സത്യവാങ്മൂലം പ്രതീക്ഷിച്ചിരിക്കുകയാണ് മാധ്യമങ്ങളും പ്രതിയോഗികളും. രാജീവ് ചന്ദ്രശേഖര്‍ മില്യണറാണോ ബില്യണറാണോയെന്ന് മനസ്സിലാക്കാനാണീ കാത്തിരിപ്പ്. 2018ല്‍ കര്‍ണാടകയില്‍ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ ഇദ്ദേഹം തെരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയ കണക്കുകള്‍ വ്യാജമാണെന്ന് മാധ്യമങ്ങള്‍ അന്നേ റിപ്പോര്‍ട്ടു ചെയ്തിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ആസ്തിയുടെ ഒരു ഭാഗംപോലും കണക്കില്‍ കാണിക്കാതെയാണ് പത്രിക സമര്‍പ്പിച്ചതും, മത്സരിച്ചതും.
തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് സ്വന്തം ആസ്തി വിവരക്കണക്കുകള്‍ കൃത്യമായി നല്‍കണമെന്നാണ്. എന്നാല്‍, കണക്കുകള്‍ കള്ളം പറഞ്ഞിട്ടും രാജീവ് ചന്ദ്രശേഖര്‍ എം.പിയായി, കേന്ദ്ര മന്ത്രിയായി. ഇതാണ് ജനാധിപത്യത്തിലെ ഏകാധിപത്യമെന്ന് ചുരുക്കി പറയാനാകും. പക്ഷെ, സത്യം ഇതാണ്. രാജീവ് ചന്ദ്രശേഖര്‍ എന്ന അധികാരദാഹിയുടെ ആസ്തി കുറഞ്ഞത് 7,500 കോടിയെങ്കിലും ഉണ്ടാകും. വ്യവസായി, ബിജെപിയുടെ രാജ്യസഭ എംപി, കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാന്‍, മാധ്യമസ്ഥാപന ഉടമ ഇങ്ങനെ വിവിധതരത്തില്‍ ശ്രദ്ധേയനായ രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയത്തിലും മാധ്യമരംഗത്തുമുള്ള വളര്‍ച്ചയും അധികാര സ്ഥാനങ്ങളിലെത്താനുമുള്ള ത്വരയുമാണ് അയാളെ കോടീശ്വരനില്‍ നിന്നും ജനാധിപത്യത്തിന്റെ മത്സരത്തിലേക്കെത്തിക്കുന്നത്.
ജൂപ്പിറ്റര്‍ കാപ്പിറ്റലില്‍ 51 ശതമാനം ഓഹരിയാണ് രാജീവ് ചന്ദ്രശേഖറിനുള്ളത്. 1350 കോടി രൂപ വില മതിക്കുന്ന ഓഹരിയാണ് രാജീവിന് ജുപ്പീറ്ററിലുള്ളത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് മുന്നില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരമാണിത്. ഇന്ത്യയിലേയും വിദേശത്തേയും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളും നിക്ഷേപങ്ങളുമെല്ലാം ചേര്‍ത്ത് 7500 കോടിയിലധികം ആസ്തിയുണ്ട്. അതേ വര്‍ഷം അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട രാജ്യസഭ അംഗങ്ങളുടെ സ്വത്ത് വിവര കണക്കില്‍ രാജീവ് ചന്ദ്രശേഖറിന്റെ മൊത്തം ആസ്തി 35.9 കോടി രൂപ എന്നാണ് കൊടുത്തിരിക്കുന്നത്.
രാജീവ് ചന്ദ്രശേഖര്‍ എന്ന കോടീശ്വരന്‍ ബിജെപിയുടെ രാജ്യസഭ എം.പി അതിലുപരി ഇന്ത്യന്‍ മാധ്യമലോകത്തെ വ്യവസായ പ്രമുഖന്‍. 2005 ല്‍ ബിപിഎല്‍ മൊബൈല്‍സ് കമ്പനിയുടെ 64% ഓഹരികളും എസ്സാര്‍ ഗ്രൂപ്പിന് വിട്ടുനല്‍കി. ജൂപിറ്റര്‍ കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ പുത്തന്‍ ബിസിനസുമായി സാങ്കേതികവിദ്യ, മീഡിയ, ഹോസ്പിറ്റാലിറ്റി വിനോദം എന്നീ മേഖലകളില്‍ ചുവടുറപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ പ്രഭ, സുവര്‍ണ ന്യൂസ്, റിപ്പബ്ലിക് ചാനല്‍, ബെസ്റ്റ് എഫ് എം, റേഡിയോ ഇന്‍ഡിഗോ തുടങ്ങിയവ ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലായി. എന്നാല്‍ കഴിഞ്ഞ മൂന്നു തവണയും രാജ്യസഭ ഇലക്ഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചപ്പോള്‍ തന്റെ യഥാര്‍ത്ഥ സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇയാള്‍ ഇലക്ഷന്‍ കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നത്.
സെക്ഷന്‍ 125 A ജനപ്രാതിനിധ്യനിയമ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചതിനും, തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിനും ആറു വര്‍ഷം വരെ തടവ് ലഭിക്കാനുള്ള കുറ്റമാണ്. രാജ്യസഭ ഇലക്ഷന്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ച വിവരങ്ങള്‍ ഇവയാണ്. ബിസിനസുകാരനായ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 28 കോടി രൂപയും അദ്ദേഹത്തിന്റെ കുടുംബ ആസ്തി 65 കോടി രൂപയും ആണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 7500 കോടിയോളം വരും. സത്യവാങ്മൂലത്തില്‍ കൊടുത്ത വിവരങ്ങള്‍ പ്രകാരം വെക്ട്ര കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എസ്പിഎല്‍ ഇന്‍ഫോടെക് പിടിഇ, ജൂപ്പിറ്റര്‍ ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, മിന്‍സ്‌ക് ഡവലപ്പേര്‍സ്, ആര്‍സി സ്റ്റോക്ക്സ് ആന്‍ഡ് സെക്യൂരിറ്റീസ്, സാങ്കുയിന്‍ ന്യൂ മീഡിയ എന്നിവയാണ് രാജീവ് ചന്ദ്രശേഖറിനു പങ്കാളിത്തമുള്ളത്.
എന്നാല്‍ ചന്ദ്രശേഖര്‍ നിയന്ത്രിക്കുന്ന ഏറ്റവും വലിയ കമ്പനിയായ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന പേര് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയുമില്ല. ഒരു നിക്ഷേപ, ധനകാര്യ സേവന സ്ഥാപനമായാണ് വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്ന ഈ സ്ഥാപനം 2005ല്‍ ചന്ദ്രശേഖര്‍ സ്ഥാപിച്ചത്. ആദ്യ വര്‍ഷത്തില്‍ കമ്പനിക്ക് നാല് അനുബന്ധ സ്ഥാപനങ്ങളും 15.08 കോടി രൂപ വരുമാനവുമുണ്ടായിരുന്നു. അതിനുശേഷം, അത് അതിവേഗം വളര്‍ന്നു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ കമ്പനിയുടെ 2018 ഫയലിംഗുകള്‍ 58 സബ്‌സിഡിയറികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇതില്‍ സുവര്‍ണ ന്യൂസ്, ഏഷ്യാനെറ്റ്, ഇന്‍ഡിഗോ 91.9 എഫ്എം, റിപ്പബ്ലിക് തുടങ്ങിയ മാധ്യമ കമ്പനികള്‍; ടെക്നോളജി കമ്പനിയായ ആക്സിസ്‌കേഡ്സ് പ്രതിരോധ സ്ഥാപനമായ ഇന്ത്യന്‍ എയ്റോ വെന്‍ചേഴ്സും ഉള്‍പ്പെടും. ചന്ദ്രശേഖറിന്റെ മിക്ക ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കും വരുമാനത്തിന്റെയും മുഖ്യ സ്രോതസ് സാങ്കേതികവിദ്യ, എയ്‌റോസ്‌പേസ്, മീഡിയ, സംഗീതം, വിനോദം, ഹോസ്പിറ്റാലിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയില്‍ വ്യാപിച്ചു കിടക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ വഴിയാണ്. വെബ്‌സൈറ്റ് പറയുന്നതു പോലെ കമ്പനി ഒരു ബില്യണ്‍ ഡോളറിലധികം (7100 കോടി രൂപ) നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നു. 2018 മാര്‍ച്ചില്‍ ഇത് 1,026 കോടി രൂപയുടെ മൊത്ത വരുമാനം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ കമ്പനികളുടെ വരുമാനം വളരെ ചെറുതാണ്. കൂടാതെ കോടികള്‍ വിലമതിക്കുന്ന ആഡംബര വാഹനങ്ങളുടെ ഒരു ആരാധകനായ രാജീവിന്റെ കയ്യില്‍ 1942 മോഡല്‍ ഇരുചക്രവാഹനം മാത്രമാണുള്ളതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 140 കോടി വിലമതിക്കുന്ന ഒരു സ്വകാര്യ ജെറ്റ് വിമാനം ഉള്ള കാര്യം സൂചിപ്പിച്ചതു പോലുമില്ല. ബാംഗ്ലൂരില്‍ 9600 സ്‌ക്വയര്‍ ഫീറ്റ് വരുന്ന 6 പ്ലോട്ടുകള്‍, ബാംഗ്ലൂരില്‍ 120 കോടിയോളം രൂപ വിലമതിക്കുന്ന 1.3 ഏക്കര്‍ സ്ഥലം തുടങ്ങിയവയും മറച്ചുവച്ചു. പകരം താമസിക്കുന്ന വീടും സ്ഥലവും ഉള്‍പ്പെടെ 12 കോടി മാത്രമാണ് സത്യവാങ്മൂലത്തില്‍ കൊടുത്തിരിക്കുന്നത്.
കേരളത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കുമരകം നിരാമയ റിസോര്‍ട്ട് ഒരിടയ്ക്കു വാര്‍ത്തകളില്‍ നിറസാന്നിധ്യമായിരുന്നു. പ്രതിരോധ മേഖലയിലും രാജീവ് ചന്ദ്രശേഖര്‍ എന്ന ബിസിനസുകാരന്‍ നേട്ടങ്ങളുണ്ടാക്കി. പ്രതിരോധ വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്ന സമയത്ത് പ്രതിരോധ മേഖലയിലെ ആക്സിസ്‌കേഡ്‌സ് പോലുള്ള കമ്പനികളെ സ്വന്തമാക്കി. ഇവയില്‍ ആദ്യത്തേത് ഇന്ത്യന്‍ എയ്‌റോ വെഞ്ച്വറാണ്. പരിശീലന പൈലറ്റുമാര്‍ മുതല്‍ വിമാനങ്ങള്‍ പരിപാലിക്കുന്നത് വരെ വിമാനത്തിന് ആജീവനാന്ത പിന്തുണ നല്‍കുകയാണ് ഇത് ലക്ഷ്യമിടുന്നത്.
81.98% ഓഹരിയുള്ള അതിന്റെ ഏറ്റവും വലിയ നിക്ഷേപകന്‍ ഹിന്ദുസ്ഥാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളും എഞ്ചിനീയറിംഗുമാണ്. ഹിന്ദുസ്ഥാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളുടെയും എഞ്ചിനീയറിംഗിന്റെയും 99.99%വും ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ ഉടമസ്ഥതയിലാണ്. ഈ വിധം മറച്ചുവച്ച ആസ്തികളുടെ കണക്കെടുക്കുമ്പോള്‍ പെരുംനുണയുടെ ചീട്ടുകൊട്ടാരങ്ങള്‍ ഓരോന്നായി തകര്‍ന്നുവീഴുന്നതു കാണാം.
ഒരു രാഷ്ട്രീയക്കാരന്‍ എന്നതിലുപരി വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു കോര്‍പ്പറേറ്റ് എന്ന നിലയില്‍ രാജീവ് ചന്ദ്രശേഖര്‍ എന്ന ബിസിനസ്സുകാരനെ തുറന്നുകാട്ടുകതന്നെ വേണം. ജനാധിപത്യത്തിന്റെ നാലാം തൂണിനുമേല്‍ അയാള്‍ അവസാന ആണിയടിക്കും മുന്‍പ് കൂര്‍മ്മ ബുദ്ധിയുള്ള ആ ബിസിനസ്സുകാരനെ ജനം തിരിച്ചറിയട്ടെ.
* 2018ല്‍ രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഇങ്ങനെ
റിട്ടേണിംഗ് ഓഫീസര്‍ക്ക് രാജീവ് സമര്‍പ്പിച്ച ജംഗമ, സ്ഥാവര സ്വത്തുക്കള്‍, നിക്ഷേപം, ബാധ്യതകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം പ്രകാരം 40.94 കോടി മൂല്യവും ഭാര്യക്ക് 9.41 കോടിയുടെ സ്വത്തുവുമുണ്ട്. സത്യത്തില്‍ രാജീവിന്റെ ഭാര്യയായിരിക്കെ അഞ്ജു ചന്ദ്രശേഖര്‍1.22 കോടി രൂപ ബാധ്യതയുണ്ട്, രാജീവിന് ബാധ്യതകളൊന്നുമില്ല. 1994-ല്‍ വെറും 10,000 രൂപയ്ക്ക് വാങ്ങിയ 1942 മോഡല്‍ റെഡ് ഇന്ത്യന്‍ സ്‌കൗട്ട് രാജീവിന്റെ കൈവശമുണ്ട്. 1.96 കോടി രൂപ വിലമതിക്കുന്ന 369.12 ഗ്രാം സ്വര്‍ണവും 61.65 കാരറ്റ് വജ്രവും ഇയാളുടെ പക്കലുണ്ട്. 4.19 ലക്ഷം രൂപ വിലയുള്ള ഹാം ഉപകരണവും ഇയാളുടെ പക്കലുണ്ട്. ഇതുകൂടാതെ, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയിലും രാജീവ് നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.