വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 350 രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈടാക്കും… അതെ, തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന് തീരുമാനിച്ചാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 350 രൂപ പിടിക്കുമെന്ന് പറയുന്ന ഒരു പത്രവാർത്ത ചിലപ്പോൾ സോഷ്യൽ മീഡിയയിലൂടെ നിങ്ങളും കണ്ടിട്ടുണ്ടാകും.
രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ്. ഏഴ് ഘട്ടമായാണ് പൊതുതെരഞ്ഞെടുപ്പ് 2024ല്‍ നടക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചർച്ചകളും ഒക്കെ നടക്കുമ്പോഴാണ് സമൂഹമാധ്യമങ്ങളിൽ ഇങ്ങനെയൊരു വാർത്ത പ്രചരിക്കുന്നത്.
എന്താണ് ഈ വാർത്തയുടെ സത്യാവസ്ഥ എന്ന് പരിശോധിക്കാം
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ ഭാവി തീരുമാനിക്കാന്‍ പൗരന്‍മാർക്കുള്ള അവസരമാണ് തെരഞ്ഞെടുപ്പുകള്‍. ആർക്കു വോട്ട് ചെയ്യണമെന്നൊക്കെയുള്ളത് വോട്ടർമാരുടെ തീരുമാനമാണ്. ഇവിടെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 350 രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈടാക്കും എന്നാണ് പ്രചാരണം.
എന്താണ് വാസ്തവം എന്നറിയാൻ ആദ്യം ഇത്തരത്തിൽ എന്തെങ്കിലും വർത്തകകൾ വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും അത്തരത്തിൽ ഒരു വാർത്തയും കണ്ടെത്താൻ സാധിച്ചില്ല. ശേഷം തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പേജുകൾ പരിശോധിക്കമെങ്കിലും അവിടെയും ഇങ്ങനെയൊരു അറിയിപ്പ് കൊടുത്തിട്ടില്ല.
എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു അറിയിപ്പ് കണ്ടെത്തി. തെരെഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് എക്‌സിൽ കുറിച്ചിരിക്കുന്ന പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇത്തരത്തിലൊരു വാർത്ത പ്രചരിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും, ഇതൊരു വ്യാജ വർത്തയാണെന്നുമാണ്.
ഇതോടെ ലഭ്യമായ വിവരങ്ങളിൽ നിന്നും വോട്ടവകാശം വിനിയോഗിക്കാത്ത പൗരന്‍മാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 350 രൂപ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിക്കും എന്ന പ്രചാരണം വ്യാജമാണ് എന്നും, പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഈ പ്രചാരണം വ്യാജമാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട് എന്നുമാണ്.
2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന പൊതു തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ആദ്യ രണ്ട് ഘട്ടങ്ങളുടെ വിജ്ഞാപനം വന്നുകഴിഞ്ഞു. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ.