ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഷാവോമി അവതരിപ്പിച്ച ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഹൈപ്പര്‍ ഓഎസ്. ഷാവോമിയുടെ വിവിധ ഫോണുകളിലേക്ക് ഇത് എത്തിത്തുടങ്ങുന്നതേയുള്ളൂ. ആദ്യഘട്ട അപ്‌ഡേറ്റുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ കൂടുതല്‍ ഫോണുകളിലേക്ക് ഹൈപ്പര്‍ ഓഎസ് എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഷാവോമി, റെഡ്മി ബ്രാന്‍ഡിലുള്ള ഫോണുകളിലേക്കാണ് അപ്‌ഡേറ്റ് എത്തുന്നത്.
സ്മാര്‍ട്‌ഫോണുകള്‍, സ്മാര്‍ട് ഹോം ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഷാവോമി ഉല്പന്നങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ഷാവോമി ഇക്കോസിസ്റ്റം നിര്‍മിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് കമ്പനി ഹൈപ്പര്‍ ഒഎസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഷാവോമി 11 ലൈറ്റ്, ഷാവോമി 11ഐ, ഷാവോമി 11ഐ ഹാപ്പര്‍ചാര്‍ജ്, ഷാവോമി 11ടി പ്രോ, എഐ 11 അള്‍ട്രാ, എംഐ 10 റെഡ്മി കെ50ഐ, റെഡ്മി 12, റെഡ്മി 11 പ്രൈം, റെഡ്മി 11 സി സീരീസ്, റെഡ്മി നോട്ട് 11 സീരീസ്, ഷാവോമി പാഡ് 5 ഉള്‍പ്പടെയുള്ള ഫോണുകളിലാണ് 2024 രണ്ടാം പാദത്തില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കുക.
ജനുവരി ഫെബ്രുവരി മാസങ്ങളിലായി ഷാവോമി 13 പ്രോ, ഷാവോമി പാഡ് 6, റെഡ്മി 12 5ജി, റെഡ്മി 12 സി, റെഡ്മി 11 പ്രൈം, റെഡ്മി പാഡ് എന്നിവയില്‍ ഹൈപ്പര്‍ ഒഎസ് എത്തി.
മാര്‍ച്ചില്‍ ഷാവോമി 12 പ്രോ, റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി, റെഡ്മി 13 5ജി , റെഡ്മി നോട്ട് 13 പ്രോ 5ജി, റെഡ്മി 13 നോട്ട് പ്രോ പ്ലസ് 5ജി എന്നിവയിലും അപ്‌ഡേറ്റ് അവതരിപ്പിച്ചു.
എഐയുഐ ഒഎസിന് പകരമായി 2023 ഒക്ടോബറിലാണ് ഷാവോമി പുതിയ ഓഎസ് പ്രഖ്യാപിച്ചത്. പിന്നാലെ തന്നെ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു. ഷാവോമി ഉപകരണങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, എഐ അധിഷ്ടിത സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്.
ഷാവോമി ഉപകരണങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും വിധം ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ടില്‍ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഹൈപ്പര്‍ ഓഎസ് നിര്‍മിച്ചിരിക്കുന്നത്. എഐ സൗകര്യങ്ങള്‍, ഉപകരണങ്ങള്‍ തമ്മിലുള്ള പരസ്പര കണക്ടിവിറ്റി, സ്വകാര്യത, സുരക്ഷ എന്നിവയും മെച്ചപ്പെട്ട പ്രവര്‍ത്തന മികവും ഹൈപ്പര്‍ ഓഎസ് വാഗ്ദാനം ചെയ്യുന്നു.