42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരന്. ബെംഗളുരുവിലാണ് സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം. ഫരീദ ഖത്തൂം എന്ന 42കാരിയാണ് ശനിയാഴ്ച മുഖത്തും കഴുത്തിലം നെഞ്ചിലുമായി കുത്തേറ്റ് മരിച്ചത്. ബംഗളുരുവിലെ ഒരു സ്പായിലെ ജീവനക്കാരിയായിരുന്നു ഫരീദ. ജയാനഗര്‍ സ്വദേശിയായ ഗിരീഷ് എന്ന 35കാരനായ ടാക്സി ഡ്രൈവറാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയും ചെയ്യുകയായിരുന്നു.
കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ഫരീദയും ഗിരീഷും സുഹൃത്തുക്കളായിരുന്നു. 2022ല്‍ ഫരീദ ജോലി ചെയ്തിരുന്ന സ്പായിലെത്തിയ ശേഷമാണ് ഇവര്‍ തമ്മില്‍ സൌഹൃദം ഉടലെടുക്കുന്നത്. ബന്ധം പ്രണയത്തിലേക്കും എത്തിയിരുന്നു. ഭര്‍ത്താവില്‍ നിന്ന വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശിനിയായ ഫരീദയ്ക്ക് രണ്ട് പെണ്മക്കളാണ് ഉള്ളത്. അടുത്തിടെ ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു.
ഇതോടെ പശ്ചിമ ബംഗാളിലേക്ക് തിരികെ പോയി ഫരീദ പെണ്‍കുട്ടികളെ തനിക്കൊപ്പം കൊണ്ടുവന്നിരുന്നു. കുട്ടികളെ ബെംഗളുരുവിലെ കോളേജില്‍ ചേര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഫരീദ. ഇതിനിടയിലാണ് വിവാഹം ചെയ്യണമെന്ന് ഗിരീഷ് തുടര്‍ച്ചയായി ആവശ്യപ്പെടാന്‍ ആരംഭിച്ചത്. ഇപ്പോള്‍ സാധിക്കില്ലെന്നും ജീവിതത്തില്‍ മറ്റ് ചില കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും 42കാരി പറഞ്ഞതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.