ഗ്യാന്‍വാപി പള്ളിയില്‍ പൂജ തുടരാമെന്ന് സുപ്രീംകോടതി

ഗ്യാന്‍വാപി മുസ്ലീം പള്ളിയില്‍ ഹുന്ദുക്കള്‍ക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയില്‍ (വ്യാസ്ജി കാ തെഹ്ഖാന) പൂജ തുടരാമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. പൂജയ്ക്ക് അനുമതി നല്‍കിയതിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഇതു പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജൂലൈയില്‍ കേസില്‍ അന്തിമവാദം കേള്‍ക്കും.

വാരാണസി ജില്ലാ കോടതി നല്‍കിയ അനുമതിക്കെതിരായ ഹര്‍ജികള്‍ നേരത്തേ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണു മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപിയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്‌കാരത്തിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തല്‍ക്കാലം രണ്ടും തുടരട്ടെയെന്ന് നിര്‍ദേശിച്ചു.

തെക്കെ നിലവറയില്‍ പൂജയ്ക്ക് അനുമതി നല്‍കിയ ജില്ലാ കോടതി ഉത്തരവില്‍ നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീല്‍ തള്ളിയത്. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടത്. 1993 വരെ നിലവറകളില്‍ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25-ാം ആനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.