കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇ.ഡി നോട്ടീസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഇ.ഡി. നോട്ടീസ് നൽകിയിരിക്കുന്നത്.

കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.പി.എം. പ്രാദേശിക ഭാരവാഹികളായ അനൂപ് ഡേവിസ്കാട്, മധു അമ്പലപുരം നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ എം.എം. വർഗീസിനെ ഇ.ഡി. വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും എം.എം. വർഗീസിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

അതേസമയം സമൻസ് ലഭിച്ചിട്ടില്ലെന്നാണ് എംഎം വർ​ഗീസ് പറയുന്നത്. പാർട്ടിയുടെ അറിവോടുകൂടിയാണ് ബിനാമി അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കൾ ഇടപെടൽ നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. എങ്ങനെയാണ് അക്കൗണ്ടുകൾ ബാങ്കിലെത്തിയതെന്ന് ഈ ഫണ്ടുകൾ വഴി ഏതെങ്കിലും തരത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.

കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇഡി നൽകിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ കടുത്ത നടപടികളിലേക്ക് ഇഡി കടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് എംഎം വർ‌​ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. കേസിൽ കൂടുതൽ നേതാക്കളെ നോട്ടീസ് നൽകി വിളിച്ചുവരുത്തിയേക്കുമെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭ്യമാകുന്ന വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിൽ കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് ശേഷം പ്രധാനമന്ത്രി ബിജെപി നേതാക്കളുടെ യോഗത്തിൽ സംബന്ധിച്ച് സംസാരിച്ചപ്പോഴും കരുവന്നൂർ വിഷയം എടുത്ത് പറഞ്ഞിരുന്നു.