മുംബൈ: ഐപിഎൽ ൽ ഇന്ന് മുംബൈ രാജസ്ഥാൻ പോരാട്ടം. സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ സീസണിലെ കന്നി ജയത്തിതിനായി മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോൾ എതിരാളികൾ ചില്ലറക്കാരല്ല. രാജസ്ഥാൻ റോയൽസിനെ നേരിടാൻ മുംബൈ കച്ചക്കെട്ടുമ്പോൾ വെല്ലുവിളികളിൽ ഏറ്റവും പ്രധാനം ക്യാപ്റ്റൻസി മാറ്റത്തിൽ സ്വന്തം കാണികൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് കൂടിയാണ്.
ഹൈദരാബാദിനോടും ഗുജറാത്തിനോടുമേറ്റ പരാജങ്ങൾ മറന്ന് പോരാടാനാവും മുംബൈ ഇറങ്ങുക. മികച്ച ഫോമിൽ പന്തെറിയുന്ന ബുംറയ്ക്ക് പിന്തുണ നൽകാൻ ഒരു ഫാസ്റ്റ് ബൗളർക്കായാൽ മുംബൈയ്ക്ക് ആശ്വസിക്കാം. ഇഷാൻ കിഷനും, രോഹിത്തും, തിലക് വർമയും നല്ല ഫോമിലാണ്. ടിം ഡേവിഡും, പാണ്ട്യയും കൂടി ഫോമിലേക്കെത്തിയാൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കാൻ മുംബൈക്കാവും.
മറുവശത്ത്, രാജസ്ഥാൻ റോയൽസിനു മികച്ച തുടക്കം നൽകാൻ ജയ്‌സ്വാളിനാകും. റിയാൻ പരാഗും സഞ്ജുവും ആദ്യ മത്സരങ്ങളിൽ കസറിയിരുന്നു, അവരുടെ ബാറ്റിംഗ് ലൈനപ്പ് വൈവിധ്യമാണ്. ഓപ്പണർ ജോസ് ബട്ട്‌ലറുടെ ഫോം നിർണായകമാകും. കൂടാതെ ധ്രുവ് ജുറൽ ഷിംറോൺ ഹെറ്മെയർ എന്നിവർ കൂടിയാകുമ്പോൾ പാണ്ഡ്യയ്ക്കും കൂട്ടർക്കും കാര്യങ്ങൾ എളുപ്പമാവില്ല.
കണക്കുകളിൽ മുംബൈയ്ക്ക് ആണ് മുൻതൂക്കം. 27 തവണ ഏറ്റുമുട്ടിയപ്പോൾ 15 ജയം രാജസ്ഥാനെതിരെ നേടാനായി. എന്നാൽ താളം കണ്ടെത്താൻ മുംബൈയ്ക്ക് ഇനിയും ആയിട്ടില്ല. സ്വന്തം തട്ടകത്തിൽ ജയിച്ച് വിജയ വഴിയിൽ എത്താനാവും മുംബൈയുടെ പോരാട്ടം. എന്നാൽ മികച്ച ഫോമിലുള്ള രാജസ്ഥാൻ നല്ലൊരു ചെറുത്ത് നിൽപ്പ് നടത്തിയാൽ ആവേശകരമായൊരു മത്സരത്തിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യമുണ്ടാകും വാങ്കഡെയിലെ കാണികൾക്ക്.