ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധിയുടെ പകർപ്പ് പുറത്ത്. കേരളത്തിന് അധികമായി കടമെടുക്കാൻ അവകാശമില്ലെന്ന് സുപ്രിംകോടതി വിധിയിൽ പറയുന്നു. 10,722 കോടി കടുമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്നും കോടതി നിരീക്ഷിച്ചു. 2017–20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം ശരിവച്ച സുപ്രീംകോടതി കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി.
2023–24 സാമ്പത്തിക വർഷത്തിൽ ഇടക്കാല ആശ്വാസമായി കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണു കോടതി ആവശ്യം തള്ളിയത്. ജസ്റ്റിസ് സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ച സുപ്രീം കോടതി കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു.
ബാക്കി കടമെടുപ്പു പരിധിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനാണു കോടതി നിർദേശിച്ചത്. 26,000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഷയത്തിൽ വാദം പൂർത്തിയാക്കിയിരുന്നു. 2023–24 സാമ്പത്തിക വർഷത്തെ കടമെടുപ്പു പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദേശം അനുസരിച്ചു ചർച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയായിരുന്നില്ല.
സംസ്ഥാനങ്ങളുടെ വായ്പ പരിധിയില്‍ കേന്ദ്ര സര്‍ക്കാരിന് അനാവശ്യ കൈകടത്തലിന് അവകാശമില്ലെന്ന് പറഞ്ഞാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. കേരളം കിഫ്ബി വഴി എടുത്ത കടം പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിയും ചോദ്യം ചെയ്തിരുന്നു. കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുള്‍പ്പെട്ട രണ്ടംഗ ബഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് കടമെടുക്കാനുള്ള സംസ്ഥാന അവകാശത്തില്‍ എത്രത്തോളം ഇടപെടാം എന്ന് ഭരണഘടന ബഞ്ച് പരിഗണിക്കും.