തൃപ്പൂണിത്തുറ: കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ തൃപ്പൂണിത്തുറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാര്‍ട്ട്മെന്റില്‍ പി. രവിയച്ചന് (96) അന്തരിച്ചു. ആര്‍എസ്എസ് ജില്ലാ സംഘ ചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ്, കുരുക്ഷേത്ര പ്രകാശന് ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കഥകളി കേന്ദ്രം, പൂര്‍ണത്രയീശ സംഗീത സഭ, പൂര്‍ണത്രയീശ സേവാ സംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. കൊച്ചി ഇളയ തമ്പുരാന് അനിയന്കുട്ടന് തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928-ലാണ് ജനനം.
കേരളത്തിനായി 55 മത്സരങ്ങളില്‍ കളിച്ച രവിയച്ചന് 1107 റണ്‍സും 125 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 1952ല്‍ തിരുവിതാംകൂര്‍ കൊച്ചി ടീമിന് വേണ്ടിയാണ് അദ്ദേഹം രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. 1952 മുതല്‍ 1970 വരെ കേരളത്തിനായി കളിച്ചു. കേരളത്തിനായി ആദ്യമായി 1000 റണ്‍സ് നേടിയ താരമാണ് രവിയച്ചന്.
കേരളത്തിന് ആദ്യരഞ്ജി ട്രോഫി സമ്മാനിച്ച ടീമിലെ അംഗമായിരുന്നു രവിയച്ചന്. 1970കളില്‍ തന്റെ 41-ാം വയസിലാണ് വിരമിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 100 റണ്‍സും 100 വിക്കറ്റുകളും നേടുന്ന ആദ്യ മലയാളി താരവും പാലിയത്ത് രവിയച്ചനാണ്. ജില്ലാ ടീമുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാളെ വൈകീട്ട് പാലിയത്ത് കുടുംബവീട്ടില്‍ വൈകീട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. നാളെ വീട്ടിലും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലും പൊതുദര്‍ശനമുണ്ടാകും.