മുംബൈ: സ്വന്തം ഗ്രൗണ്ടായ വാംഖഡെയിലും മുംബൈ ഇന്ത്യന്‍സിന് രക്ഷയില്ല. ആദ്യ ജയം പ്രതീക്ഷിച്ചിറങ്ങിയ മുംബൈക്ക് സീസണിലെ മൂന്നാം തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് കളഞ്ഞ് 125 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടി. മൂന്ന് കളികളില്‍ മൂന്നും ജയിച്ച രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കളിച്ച മൂന്ന് കളിയും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്.
കഴിഞ്ഞ കളിയിലെ രാജസ്ഥാന്റെ രക്ഷകനായ റിയാന്‍ പരാഗ് തന്നെയാണ് ഇത്തവണയും തുണച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും ജോഷ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും പരാഗിന്‍റെ മികവ് ഒരിക്കല്‍ കൂടി രാജസ്ഥാന് വിജയം സമ്മാനിച്ചു. 39 പന്തുകളില്‍ 54 റണ്‍സാണ് പരാഗിന്റെ സമ്പാദ്യം.
മുംബൈക്കായി ആകാശ് മധ്‌വാള്‍ മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ആതിഥേയരുടെ തുടക്കം മോശമായിരുന്നു. പവർപ്ലേയിൽ നാല് വിക്കറ്റ് നഷ്ടമായ ടീമിന്റെ മൂന്ന് മുൻനിര ബാറ്റർമാർ പൂജ്യത്തിനാണ് മടങ്ങിയത്. ന്യൂസിലാൻഡ് താരം ട്രെൻഡ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിൽതന്നെ രണ്ട് വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ഓപ്പണർ രോഹിത് ശർമ്മയും നമാൻ ധിറും പൂജ്യത്തിന് മടങ്ങി. പിന്നാലെയെത്തിയ ഇംപാക്ട് പ്ലെയർ ഡെവാൾഡ് ബ്രേവിസ്(0)വന്നതും പോയതും ഒരുമിച്ചായിരുന്നു. ട്രെൻഡ് ബോൾട്ടിന്റെ ഓവറിൽ ബർഗറിന്റെ കൈയിൽ അവസാനിച്ചു. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഇഷാൻ കിഷൻ (14 പന്തിൽ 16) ദക്ഷിണാഫ്രിക്കൻ താരം നന്ദ്രെ ബർഗറിന്റെ ഓവറിൽ പുറത്തായി.
പിന്നീട് ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്ന് രക്ഷാദൗത്യം പോലെയുള്ള ഇന്നിങ്‌സ് കളിച്ചെങ്കിലും ടീം സ്‌കോര്‍ 76-ല്‍ എത്തിയതോടെ അതിനും അറുതിയായി. പാണ്ഡ്യയെ യുസ്‌വേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിന്റെ കൈകളിലെത്തിച്ച് മടക്കി (21 പന്തില്‍ 34).
പിയൂഷ് ചൗള (3), ടിം ഡേവിഡ് (17), ജെറാള്‍ഡ് കോട്‌സീ (4) എന്നിവരും മടങ്ങിയതോടെ മുംബൈ ഇന്നിങ്‌സ് 125-ല്‍ അവസാനിച്ചു. നന്ദ്രേ ബര്‍ഗറിന് രണ്ടും ആവേശ് ഖാന് ഒന്നും വിക്കറ്റ് ലഭിച്ചു.