അൽജസീറ ചാനലിന് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഇസ്രായേൽ

അൽജസീറ ചാനലിന് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഇസ്രായേൽ. രാജ്യത്ത് അൽ ജസീറയുടെ പ്രവർത്തനങ്ങൾ നിർത്താൻ ഉടൻ നടപടിയെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

വിദേശ ചാനലുകൾക്ക്​ വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ്​ പാസാക്കിയതിന് പിന്നാലെയാണ് നെതന്യാഹു അൽജസീറയുടെ സംപ്രേക്ഷണത്തിനു വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. രാജ്യസുരക്ഷക്ക്​ ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രി​ക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം.

‘അൽ ജസീറ ഇനി ഇസ്രായേലിൽ ​പ്രവർത്തിക്കില്ല. ചാനലിന്റെ പ്രവർത്തനം നിർത്തുന്നതിന് പുതിയ നിയമം അനുസരിച്ച് നടപടികളെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു’.- നെതന്യാഹു എക്‌സിൽ കുറിച്ചു.

ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന്റെ നടപടികളെ പറ്റിയുള്ള വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നെതന്യാഹു ഏറെ നാളായി ശ്രമിച്ചിരുന്നു. ഇസ്രായേലിന്റെ നടപടിക്കെതിരെ ഹ്യൂമൻറൈറ്റ്​സ്​ വാച്ച്​ രംഗത്തെത്തി. സത്യം മറച്ചുപിടിക്കാനുള്ള നീക്കമെന്ന് ഹ്യൂമൻറൈറ്റ്സ് വാച്ച് പറഞ്ഞു.