ലോക്സഭ തെരഞ്ഞെടുപ്പ്: കേരളത്തില്‍ ഇനി പത്രികാ സമര്‍പ്പണത്തിന് മൂന്ന് ദിവസം; രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ കേരളത്തിലിനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പത്രിക സമര്‍പ്പിക്കല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് പ്രമുഖരായ പല സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രികാസമര്‍പ്പണത്തിനെത്തും.

വയനാട്ടില്‍ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍, പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. രാവിലെ പത്ത് മണിയോടെ റിപ്പണില്‍ ഹെലികോപ്റ്ററിറങ്ങുന്ന രാഹുല്‍ 12 ണിയോടെ പത്രിക സമര്‍പ്പിച്ച് നാളെ തന്നെ തിരികെ മടങ്ങും. തുടര്‍ന്ന് പ്രചാരണത്തിന് വേണ്ടി വയനാട്ടിലേക്ക് ഇനി എന്ന് എത്തും, എന്തെല്ലാമാണ് പ്രചാരണപദ്ധതികള്‍ എന്നതിലൊന്നും വ്യക്തതയായിട്ടില്ല.

ആനി രാജയാണ് വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കെ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇരുവരും നേരത്തെ തന്നെ വയനാട്ടിലെത്തി പ്രചാരണ പരിപാടികള്‍ തുടങ്ങിയതാണ്.

Read also: പട്ടാഴിമുക്ക് അപകടം: അനുജയുടെ പിതാവ് പരാതി നൽകി; അപകടം മകളെ കൊലപ്പെടുത്താൻ വേണ്ടി മനഃപൂർവം സൃഷ്ടിച്ചത്