ന്യൂഡൽഹി: പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ വഴി 2023-24 സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ സമ്പാദിച്ചത് 16,507 കോടി രൂപ. പ്രതീക്ഷിച്ചതിലും കുറവാണിത്. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം 10 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ സർക്കാർ ഓഹരികളാണ് വിറ്റൊഴിച്ചത്.
കോൾ ഇന്ത്യ- 4,186 കോടി രൂപ, എൻ.എച്ച്.പി.സി- 2488 കോടി, എൻ.എൽ.സി- 2,129 ഐ.ആർ, ഇ.ഡി.എ 858 കോടി എന്നിങ്ങനെയാണ് വിവിധ കമ്പനികളിൽനിന്ന് ലഭിച്ച തുക. ആർ.വി.എൻ.എൽ, എസ്.ജെ.വി.എൻ, ഇർകോൺ ഇന്റർനാഷണൽ, ഹഡ്കോ തുടങ്ങിയവയിലെ ഓഹരികളും വിറ്റു. ഓഹരി വിറ്റൊഴിക്കലിലൂടെ 51,000 കോടി സമാഹരിക്കാനായിരുന്നു ബജറ്റിൽ ലക്ഷ്യമിട്ടത്. എന്നാൽ, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇത് പുതുക്കി 30,000 കോടി ആക്കിയിരുന്നു. എന്നാൽ, ഔദ്യോഗിക വെബ്സൈറ്റിലെ പുതിയ കണക്കനുസരിച്ച് ഓഹരി വിൽപന വഴി കിട്ടിയത് 16,507 കോടി രൂപയാണ്.
സർക്കാർ ഓഹരി വിൽപനയിലൂടെ ഏറ്റവുമധികം പണം നേടിയത് 2017-18 വർഷമാണ്. 1,00,056 കോടി രൂപ. തൊട്ടടുത്ത വർഷം 84,972 കോടി രൂപ സമാഹരിച്ചു. പിന്നീടൊരിക്കൽ ലക്ഷ്യമിട്ട തുക കണ്ടെത്താനായിട്ടില്ല.