തിരുവനന്തപുരം: വായ്പ പരിധി വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്‍റെ ഹരജി ഭരണഘടന ബെഞ്ചിന് കൈമാറിയതോടെ വിഷയം ഇഴകീറിയുള്ള നിയമസംവാദത്തിന് വഴിമാറുന്നു. സുപ്രീംകോടതിയിൽ നിന്ന് പ്രതീക്ഷിച്ച ഇടക്കാലാശ്വാസം കിട്ടാത്തത് നിരാശയാണെങ്കിലും കേരളത്തിന്‍റെ ആവശ്യം വിശദ നിയമ പരിശോധനക്ക് വിധേയമാകുമെന്നതാണ് ‘സർക്കാർ പോസിറ്റീവാ’യി കാണുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഏറെ നാളായി തർക്കത്തിലുള്ള കിഫ്ബിയുടെയും ക്ഷേമ പെൻഷൻ കമ്പനിയുടെയും ബജറ്റിന് പുറത്തെ കടമെടുപ്പിലും നിയമപരമായ തീർപ്പുണ്ടാകും.
വ്യവസ്ഥ പ്രകാരം സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉൽപാദനത്തിന്‍റെ മൂന്നു ശതമാനം കടമെടുക്കാം. കിഫ്ബിയും പെൻഷൻ കമ്പനിയുമെടുക്കുന്ന വായ്പ പൊതു വായ്പാപരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തുന്നെന്നതാണ് കേരളത്തിന്‍റെ പരാതി. ഇതോടെ, മൂന്നു ശതമാനം വായ്പ പ്രതീക്ഷിച്ചിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 1.6 ശതമാനമായി കുറഞ്ഞു. കടമെടുപ്പ് പരിധിയിൽനിന്ന് കിഫ്ബി ഒഴിവാക്കിയാൽ 13,608 കോടി കൂടി വായ്പയെടുക്കാമെന്നും ഇത് അനുവദിക്കണമെന്നുമാണ് കേരളത്തിന്‍റെ ആവശ്യം. പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്നതോടെ പുതിയ വായ്പയെടുപ്പിന് അനുമതിയുണ്ടെന്നതിനാൽ പ്രതിസന്ധി തൽക്കാലത്തേക്ക് ബാധിക്കില്ല.
read also : ഹജ്ജ് വോളൻ്റിയർ അനുപാതം ഇരുന്നൂറുപേർക്ക് ഒരാൾ എന്ന നിലയിൽ പുനഃക്രമീകരിച്ചു
സംസ്ഥാന സർക്കാർ വരുമാനത്തിലെ മുഖ്യസ്രോതസ്സാണ് കടമെടുപ്പ്. റിസർവ് ബാങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങൾ വിറ്റാണ് കടമെടുക്കുന്നത്. കടമെടുപ്പ് പ്രതീക്ഷിച്ചാണ് ബജറ്റടക്കം തയാറാക്കുന്നത്. ഈ സാഹചര്യത്തിൽ വായ്പ പരിധിയിലെ കടുംവെട്ട് വികസന പ്രവർത്തനങ്ങളെയാകെ താളം തെറ്റിച്ചെന്നാണ് ധനവകുപ്പ് പറയുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടെങ്കിൽ സുപ്രീംകോടതിക്ക് ഇടപെടാമെന്ന 131ാം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് കേരളത്തിന്‍റെ ഹരജി. സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഇടപെടുന്നത് തടയണമെന്നതാണ് പ്രധാന ആവശ്യം. ധനകാര്യ ഫെഡറലിസം കേന്ദ്രം പടിപടിയായി തകർക്കുകയാണെന്നും കേരളം ആരോപിക്കുന്നു. സമാന പ്രതിസന്ധി മറ്റു സംസ്ഥാനങ്ങളും നേരിടുന്നുണ്ടെന്നതിനാൽ ഭരണഘടന ബെഞ്ചിൽ നിന്നുണ്ടാകുന്ന ഏത് വിധിയും പൊതുപ്രസക്തമാകും.