ഇഷ്ടപ്പെട്ടൊരു റീൽസ് കണ്ടാൽ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. നിലവിൽ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങൾ, ഓർമ്മകൾ, അനുഭവങ്ങൾ അങ്ങനെ നിരവധി വിഷയങ്ങളാണ് റീൽസ് നമുക്ക് സമ്മാനിക്കുന്നത്. മറ്റാരുടെയോ ക്രീയേറ്റിവിറ്റി നമ്മുടെ ജീവിതവുമായി അല്ലെങ്കിൽ ആഗ്രവുമായി സാമ്യത പുലർത്തുമ്പോഴാണ് റീലുകൾ നമുക്ക് ഇഷ്ടപ്പെടുന്നത്. ഓരോ റീലുകളും വ്യക്തികൾക്ക് വ്യത്യസ്ത ദൃശ്യാനുഭവങ്ങളായിരിക്കും നൽകുന്നത്
ഇപ്പോഴിതാ നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇഷ്ടപ്പെടാനിടയുള്ള റീല്‍സുകള്‍ എളുപ്പം കാണാനാകുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാഗ്രാം.
ബ്ലെന്‍ഡ് (Blend) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ വഴി സുഹൃത്തുക്കള്‍ തമ്മിലുള്ള റീല്‍സ് പങ്കുവെക്കല്‍ പുതിയ തലത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡെവലപ്പറായ അലസാന്‍ഡ്രോ പലൂസിയാണ് എക്സില്‍ അപ്ഡേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. പുതിയ ഫീച്ചര്‍ വഴി ഉപഭോക്താവിനും അയാളുടെ സുഹൃത്തുക്കള്‍ക്കും ഇഷ്ടപ്പെട്ട റീലുകള്‍ മാത്രം കാണുന്ന ഒരു പ്രത്യേക ഫീഡ് ഇന്‍സ്റ്റാഗ്രാമില്‍ ലഭിക്കും. ഇരുവരും പരസ്പരം അയച്ച റീലുകളുടെയും ഇരുവരും ലൈക്ക് ചെയ്ത റീലുകളുടെയും അടിസ്ഥാനത്തിലാണ് ഈ ഫീഡില്‍ റീലുകള്‍ പ്രദര്‍ശിപ്പിക്കുക.
സ്പോട്ടിഫൈയിലെ ബ്ലെന്‍ഡ് ഫീച്ചറിന് സമാനമാണിത്. രണ്ട് വ്യക്തികളുടെ റീല്‍സ് താല്പര്യങ്ങളെ കൂട്ടിയിണക്കുകയാണിവിടെ. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട റീലുകള്‍ ഒന്നിച്ച് ആസ്വദിക്കാനാവും.
ഈ ഫീച്ചറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സ്വകാര്യവും കസ്റ്റമൈസ് ചെയ്യാനാകുന്നതുമായ ഫീഡ് ആയിരിക്കും ഇതെന്നാണ് പുറത്തുവന്ന സ്ക്രീന്‍ഷോട്ട് നല്കുന്ന സൂചന. ഇഷ്ടാനുസരണം ബ്ലെന്‍ഡ് ഫീച്ചര്‍ ഉപയോഗിക്കാനും പുറത്തുവരാനും ഇതില്‍ സാധിക്കുമെന്നാണ് കരുതുന്നത്