വാ തുറന്ന് മോദി: ഇലക്ട്രല്‍ ബോണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്പത്തറിയാന്‍ നടപ്പാക്കിയതെന്ന്; കണക്കെടുത്തപ്പോള്‍ ബോണ്ട് മുഴുവന്‍ ബി.ജെ.പിക്ക്

കള്ളപ്പണം വെളുപ്പിക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണെന്ന് സുപ്രീംകോടതിയുടെ വിമര്‍ശം

ഇലക്ട്രല്‍ ബോണ്ട് എന്ന സംവിധാനം ഭരണഘടനാ വിരുദ്ധവും വോട്ടര്‍മാരുടെ വിവരാവകാശ ലംഘനവും ആണെന്നുകാട്ടി സുപ്രീം കോടതി പദ്ധതി റദ്ദാക്കിയതിനു ശേഷം, ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിഞ്ഞിരിക്കുകയാണ്. ഒന്നരമാസത്തിനു ശേഷമാണ് ഇലക്ട്രല്‍ ബോണ്ടിനെ കുറിച്ച് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി സംസാരിച്ചിരിക്കുന്നത്. ഇലക്ട്രല്‍ ബോണ്ടിന്റെ പേരില്‍ ചാഞ്ചാട്ടം നടത്തുന്നവര്‍ നാളെ വലിയ വില കൊടുക്കേണ്ടി വരും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന ഫണ്ടിന്റെ കണക്കുകള്‍ സുതാര്യമാക്കാനുള്ള പദ്ധതിയായിരുന്നു ഇലക്ട്രല്‍ ബോണ്ട് കൊണ്ടുദ്ദേശിച്ചത്. ”ഞങ്ങള്‍ എന്താണ് ചെയ്തതെന്ന് എന്നോട് ചോദിക്കൂ, ഇതിനെ ഒരു തിരിച്ചടിയായി കാണണമെന്നാണോ?. ഈ വിഷയത്തില്‍ രണ്ടുവള്ളം ചവിട്ടുന്നവരും അതില്‍ അഭിമാനിക്കുന്നവരും ഖേദിക്കേണ്ടിവരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,’ എന്നാണ് പ്രധാനമന്ത്രി പറയുന്നത്.

”പ്രതിപക്ഷത്തോട് എനിക്ക് ചോദിക്കാനുള്ളത്, 2014ന് മുമ്പ് തിരഞ്ഞെടുപ്പ് സമയത്ത് പണം ചെലവഴിച്ചിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കിയിരുന്നോ?. ആ പണം എവിടെ നിന്നാണ് കിട്ടിയത്. ആരുടെ അടുത്തേക്ക് പോയി. ആര് ചെലവഴിച്ചു എന്ന് ഏത് ഏജന്‍സിക്ക് പറയാന്‍ കഴിയും?. മോദി ഇലക്ടറല്‍ ബോണ്ടുകള്‍ ഉണ്ടാക്കിയതിനാല്‍, ബോണ്ടുകള്‍ ആരാണ് വാങ്ങിയത്, അത് എവിടെ പോയി, എങ്ങനെ ചെലവഴിച്ചു എന്ന് നമുക്ക് ഇപ്പോള്‍ അന്വേഷിക്കാന്‍ കഴിയുന്നുണ്ട്. അല്ലെങ്കില്‍, ഇതിനുമുമ്പ് അറിയില്ലായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ അതിനുണ്ടാകുന്ന ചെലവും ഉള്‍പ്പെടുന്നുണ്ട്. ഇലക്ടറല്‍ ബോണ്ടുകള്‍ കാരണം ഇന്ന് കാര്യങ്ങള്‍ വ്യക്തമാണ്. രാജ്യത്തെ ഒരു സംവിധാനവും തികഞ്ഞതല്ല. പോരായ്മകള്‍ ഉണ്ടാകാം, അവ പരിഹരിക്കാന്‍ കഴിയുകയും വേണം. എന്നാല്‍, ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ട്, പണം എവിടെപ്പോയി എന്ന് നിങ്ങള്‍ക്കറിയാന്‍ കഴിയുമെന്നത് വലിയ കാര്യം തന്നെയാണെന്നും നരേന്ദ്ര മോദി പറയുന്നു.

എന്നാല്‍, നരേന്ദ്രമോദി പറയുന്ന ഇലക്ട്രല്‍ ബോണ്ടാണോ യഥാര്‍ഥ്യം. ആ ബോണ്ടുകള്‍ വഴി ആര്‍ക്കാണ് ഗുണം. എന്തിനാണ് വിവരങ്ങള്‍ രഹസ്യമാക്കുന്നത്. ആരൊക്കെ സംഭാവന നല്‍കിയെന്നും, എത്ര നല്‍കിയെന്നും അറിയേണ്ടത് വോട്ടര്‍മാരാണ്. അല്ലാതെ സംഭാവന വാങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല. ജനങ്ങളെ സേവിക്കാന്‍ വേണ്ടിയുള്ളതല്ലേ രാഷ്ട്രീയവും രാഷ്ട്രീയ പാര്‍ട്ടികളും. അപ്പോള്‍ അവിടെയെത്തുന്ന സമ്പത്തിന്റെ സ്രോതസ്സുകള്‍ ജനങ്ങള്‍ അറിയണം. അത് അറിയാനുള്ള പൗരന്റെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെ തടഞ്ഞുവെച്ചുകൊണ്ട് എന്താണ് പ്രധാനമന്ത്രിയും ബി.ജെപിയും ഇലക്ട്രല്‍ ബോണ്ടിലൂടെ നടപ്പാക്കുന്നതെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്.

2018ല്‍ കൊണ്ടുവന്ന പദ്ധതികള്‍ വഴി രാജ്യം സാമ്പത്തികമായി ഉയരുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഇതിനെതിരേ കോടതിക്കള്‍ക്ക് അകത്തും പുറത്തും കടുത്ത ആക്രമണം നേരിടുന്നുണ്ട്. ഇതിനെയെല്ലാം ബി.ജെ.പി സംരക്ഷിക്കാന്‍ നോക്കുന്നുമുണ്ടെന്നതാണ് സത്യം. എസ്ബിഐയും ഇസിയും ഈ വിശദാംശങ്ങള്‍ പരസ്യമാക്കാന്‍ നിര്‍ബന്ധിതരായതിനെ തുടര്‍ന്ന് സുപ്രീം കോടതി ഈ പദ്ധതി റദ്ദാക്കുന്നത് വരെ പണമിടപാടിന്റെ അജ്ഞാതത്വം എത്തി നില്‍ക്കുകയാണ്. പണവും രാഷ്ട്രീയവും തമ്മിലുള്ള അടുത്ത ബന്ധം കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുള്ള സാമ്പത്തിക സംഭാവനകള്‍ ‘ക്വിഡ് പ്രോ ക്വോ’ക്രമീകരണത്തിലേക്ക് നയിക്കാനുള്ള നിയമാനുസൃതമായ സാധ്യതയുമുണ്ട്,” എന്നാണ് ഫെബ്രുവരി 15 ലെ ഇലക്ടറല്‍ ബോണ്ടുകള്‍ നിരോധിക്കുന്ന ഉത്തരവില്‍ സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.

2017-2018നും 2022-2023നും ഇടയില്‍ വിറ്റ 12,008 കോടി രൂപയുടെ മൊത്തം ഇലക്ടറല്‍ ബോണ്ടുകളില്‍ 55ശതമാനം (അല്ലെങ്കില്‍ 6,564 കോടി രൂപ)ബിജെപിക്ക് ലഭിച്ചു. 2019 ഏപ്രില്‍ മുതല്‍ 2024 ജനുവരി വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വാങ്ങിയതും എന്‍ക്യാഷ് ചെയ്തതുമായ ബോണ്ടുകളുടെ സംഖ്യകള്‍ ഉള്‍പ്പെടെയുള്ളവ സുപ്രിം കോടതി നിര്‍ദ്ദേശിച്ച ഡാറ്റ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം, മികച്ച അഞ്ച് ദാതാക്കളില്‍ മൂന്ന് കമ്പനികള്‍ വലിയ തുക സംഭാവന ചെയ്തത് ബിജെപിക്കാണെന്ന് ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് 93ശതമാനം ബോണ്ടുകളും ലഭിച്ചതായി ഡാറ്റ കാണിക്കുന്നുണ്ട്. കൂടാതെ തിരഞ്ഞെടുപ്പോടെ ബോണ്ടുകള്‍ നല്‍കിയ അഞ്ചു കമ്പനികളുടെയും ഭാഗ്യം മാറി.

2018 ജനുവരിയിലാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി വിജ്ഞാപനം ചെയ്യപ്പെട്ടത്. ഇന്ത്യന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രഹസ്യമായി സംഭാവന ചെയ്യാന്‍ അനുവദിക്കുന്ന പദ്ധതിയാണ് ഇലക്ട്രല്‍ ബോണ്ട്. സ്‌കീമിനുകീഴില്‍, പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് ഈ ബോണ്ടുകള്‍ വില്‍ക്കാന്‍ അധികാരമുണ്ട്. കൂടാതെ അവ എന്‍ക്യാഷ് ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ അംഗീകൃത ബാങ്കിലെ ശാഖകള്‍ വഴി ബോണ്ടുകള്‍ വില്‍ക്കാനാകും. എന്നാല്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് 2,000 രൂപയോ അതില്‍ കൂടുതലോ സംഭാവന നല്‍കുന്ന വ്യക്തിയോ സ്ഥാപനമോ ദാതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന നിയമപ്രകാരമുള്ള നിബന്ധന ഈ പദ്ധതിയിലൂടെ ഇല്ലാതാക്കുകയായിരുന്നു.

ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അയാളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ തന്നെ 1,000 രൂപ മുതല്‍ ഒരു കോടിരൂപ വരെ സംഭാവനകള്‍ നല്‍കാമെന്നായി. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സമാഹരിച്ച സംഭാവനയുടെ ആകെ തുക മാത്രമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വെളിപ്പെടുത്തേണ്ടതുള്ളൂ. ഇലക്ടറല്‍ ബോണ്ടുകള്‍ അവതരിപ്പിക്കുന്നതിനായി മോദി സര്‍ക്കാര്‍ 2017ല്‍ നിരവധി നിയമങ്ങളില്‍ ഭേദഗതി വരുത്തി. 2017ലെ ഫിനാന്‍സ് ആക്ടില്‍ മാറ്റങ്ങള്‍ വരുത്തി. 1951ലെ ജനപ്രാതിനിധ്യ നിയമം, 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, 1961 ലെ ആദായനികുതി നിയമങ്ങളിലും ഭേദഗതികള്‍ വരുത്തി. 2010ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍സ് റെഗുലേഷന്‍ ആക്ട്, 2013ലെ കമ്പനി ആക്റ്റ് എന്നിവയും ഭേദഗതി ചെയ്തിട്ടുണ്ട്.

ഈ ഭേദഗതികളിലൂടെ ഇന്ത്യന്‍ കമ്പനികളില്‍ ഭൂരിപക്ഷ ഓഹരിയുള്ള വിദേശ കമ്പനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ വഴിയൊരുക്കി. ഇതിനുമുമ്പ്, എഫ്സിആര്‍എ, 1999ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് എന്നിവ അുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതില്‍ നിന്ന് വിദേശ കമ്പനികളെ വിലക്കിയിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിക്കുന്ന സംഭാവനകളുടെ വിശദമായ രേഖ സൂക്ഷിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കിക്കൊണ്ട് 2017ലെ ധനകാര്യ നിയമം ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തി. 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുകയും, സംഭാവന റിപ്പോര്‍ട്ടുകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിക്കുന്ന സംഭാവനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കുകയും ചെയ്തു.

‘ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാന്‍ ഏതെങ്കിലും ഷെഡ്യൂള്‍ഡ് ബാങ്കിന് അധികാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമം ഭേദഗതി ചെയ്തു. കൂടാതെ, ഒരു കമ്പനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എത്ര തുക സംഭാവന നല്‍കാമെന്നതിന്റെ ഉയര്‍ന്ന പരിധി നീക്കം ചെയ്യുന്നതിനായി 2013ലെ കമ്പനി നിയമവും ഭേദഗതി ചെയ്തു. എന്നിട്ടും, സുപ്രീംകോടതി ഇലക്ട്രല്‍ ബോണ്ടെന്ന രാഷ്ട്രീയ സാമ്പത്തിക ക്രമക്കേടിനെ ശക്തമയി എതിര്‍ത്തു. അപ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രല്‍ ബോണ്ടിനെ ന്യായീകരിക്കുകയായിരുന്നു. ഈ പദ്ധതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നടന്ന ഹിയറിംഗുകളില്‍, ദാതാക്കളുടെ ഐഡന്റിറ്റികളെയും അവരുടെ സ്വീകര്‍ത്താക്കളെയും മറയ്ക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ സ്ഥിരമായി പ്രതിരോധിച്ചു.

ആര്‍ട്ടിക്കിള്‍ 19 (1) (എ) പ്രകാരം ഈ പദ്ധതി പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണെന്ന് 2024 ഫെബ്രുവരിയിലെ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ധനസഹായത്തിന്റെ ഉറവിടം അറിയാന്‍ പൗരന്മാര്‍ക്ക് മൗലികാവകാശമില്ലെന്ന് 2023 ഒക്ടോബറില്‍ കേന്ദ്രം കോടതിയെ അറിയിച്ചു. ‘അറിയാനുള്ള അവകാശം’ ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കണമെന്നും നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കോ ഉദ്ദേശ്യങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാമെന്നും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി വാദിച്ചു. 2023 നവംബറില്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഒരിക്കല്‍ കൂടി ‘ദാതാക്കളുടെ പ്രതിരോധം’, അവരുടെ ഐഡന്റിറ്റികള്‍ സംരക്ഷിക്കല്‍ എന്നിവയെ പരാമര്‍ശിക്കുകയും പദ്ധതിയുടെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്നത് അത് ഫലപ്രദമല്ലാതാക്കുമെന്നും പണത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സംഭാവനകളുടെ പുനരുജ്ജീവനത്തിന് കാരണമായേക്കാമെന്നും നിര്‍ദ്ദേശിച്ചു.

ഹഫ്പോസ്റ്റ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശുപാര്‍ശ മോദി സര്‍ക്കാര്‍ അവഗണിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ ഭേദഗതികള്‍ ‘മോശമായ മാതൃക’ സൃഷ്ടിക്കുമെന്നും കള്ളപ്പണം വെളുപ്പിക്കലിനെ പ്രോത്സാഹിപ്പിക്കുമെന്നും ആര്‍ബിഐ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. വിദേശ സ്രോതസ്സുകളില്‍ നിന്നുള്ള അനധികൃത സംഭാവനകള്‍ മറച്ചുവെക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഇലക്ടറല്‍ ബോണ്ടുകള്‍ സഹായിക്കുമെന്നും ഷെല്‍ കമ്പനികള്‍ വഴി രാഷ്ട്രീയ ഫണ്ടിംഗിനായി കള്ളപ്പണം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ഗവണ്‍മെന്റിന് തിരഞ്ഞെടുപ്പ് കമ്മീഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.