ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽനിന്ന് ഏജൻറ് വഴി റഷ്യയിലെത്തി വഞ്ചിതരായ മൂന്നു യുവാക്കളിൽ ഒരാൾ ഡൽഹിയിലെത്തി. അഞ്ചുതെങ്ങ് കൊപ്രാക്കൂട് പുരയിടത്തിൽ സെബാസ്റ്റ്യന്റെയും നിർമലയുടെയും മകൻ പ്രിൻസാണ്(24) മടങ്ങിയെത്തിയത്. തിങ്കളാഴ്ച പുലർച്ചെ 3.30-ഓടെ ഡൽഹി വിമാനത്താവളത്തിലെത്തിയത്. ഇന്ത്യൻ എംബസി നടത്തിയ ഇടപെടലുകളെത്തുടർന്നാണ് പ്രിൻസിന്റെ തിരിച്ചുവരവ് സാധ്യമായത്.
സി.ബി.ഐ. ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര ഏജൻസികൾ പ്രിൻസിനെ ചോദ്യംചെയ്യുകയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം നാട്ടിലേക്കയയ്ക്കും. പ്രിൻസിനൊപ്പം റഷ്യയിലേക്കു പോയ മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.
ജനുവരി മൂന്നിനാണ് അഞ്ചുതെങ്ങ് കൊപ്രാക്കൂട് പുരയിടത്തിൽ പരേതനായ പനിയടിമയുടെയും ബിന്ദുവിന്റെയും മകൻ ടിനു(25), അഞ്ചുതെങ്ങ് കൃപാനഗർ കുന്നുംപുറത്ത് സിൽവയുടെയും പനിയമ്മയുടെയും മകൻ വിനീത്(22) എന്നിവർക്കൊപ്പം പ്രിൻസ് റഷ്യയിലേക്കു പോയത്. ഏജന്റ് വഴി സെക്യൂരിറ്റി ജോലിക്കാണ് ഇവർ പോയത്.
റഷ്യയിലെത്തിയപ്പോൾ കരാറുകളിൽ ഒപ്പിടീക്കുകയും പാസ്‌പോർട്ടും മൊബൈൽ ഫോണും വാങ്ങിവച്ചശേഷം സൈനിക ക്യാമ്പുകളിലേക്കു കൊണ്ടുപോവുകയുമായിരുന്നു. 23 ദിവസത്തെ പരിശീലനത്തിനു ശേഷം പ്രിൻസിനെ യുക്രൈനുമായി യുദ്ധം നടക്കുന്ന സ്ഥലത്തേക്ക് സൈന്യത്തിനൊപ്പം അയച്ചു.
യുദ്ധത്തിനിടെ പ്രിൻസിനു വെടിയേൽക്കുകയും ബോംബ് പൊട്ടി കാലിനു പരിക്കേല്ക്കുകയും ചെയ്തു. ആശുപത്രിയിലായതിനെത്തുടർന്ന് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് യുവാക്കൾ ചതിയിൽപ്പെട്ട വിവരം നാട്ടിലറിയുന്നത്. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ പരാതി നല്കി. റഷ്യയിലെ ഇന്ത്യൻ എംബസിക്കു വിവരം കൈമാറുകയും അവർ പ്രിൻസിനെ കണ്ടെത്തുകയുമായിരുന്നു.
ടിനുവും വിനീതും സൈനിക ക്യാമ്പുകളിലുണ്ടെന്നു അല്ലാതെ മറ്റു വിവരങ്ങളൊന്നും പ്രിൻസിന് അറിയില്ല. എവിടെയാണെന്നുപോലും അറിയില്ല. ഇന്ത്യയിലെത്തിയതിൽ ആശ്വാസമുണ്ടെന്നും ഡൽഹിയിലെത്തിയ ഉടൻ പ്രിൻസ് വിളിച്ചിരുന്നതായും പ്രശ്നങ്ങളൊന്നുമില്ലെന്നും നടപടികൾ പൂർത്തിയായാൽ നാട്ടിലെത്താനാകുമെന്നു പറഞ്ഞതായും പ്രശാന്ത് പറഞ്ഞു.