വികസന കാര്യത്തില്‍ ആരിഫ്, ഒരു പണത്തൂക്കം മുന്നില്‍: വികസനങ്ങള്‍ അക്കമിട്ട് നിരത്തണോ ? എങ്കില്‍ നോക്കാം

8.5 കോടിയുടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും, 20 കോടിയുടെ ആലപ്പുഴ കടല്‍പ്പാലം ഉടന്‍

എങ്ങനെ നോക്കിയാലും ഒരുപണത്തൂക്കം മുന്നില്‍ എ.എം ആരിഫിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്ന് പറയാതെ വയ്യ. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ആദ്യമായാണ് മത്സരിക്കുന്നത്. പക്ഷെ, കെ.സി വേണുഗോപാല്‍ അങ്ങനെയല്ല. കണ്ണൂരില്‍ നിന്നെത്തി, ആലപ്പുഴയെ സ്വന്തമാക്കിയ സ്ഥാനാര്‍ത്ഥിയാണ്. എന്നിട്ടും, ആലപ്പുഴയെ എങ്ങനെയാണ് കെ.സി. വേണുഗോപാല്‍ വികസി പ്പിച്ചതെന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.

കരിമണല്‍ കര്‍ത്തയുമായും, കേന്ദ്ര മന്ത്രിയുടെ കുടുംബവുമായും ചേര്‍ന്ന് ആലപ്പുഴയുടെ അസ്ഥിവാരം കുത്തിവാരി വില്‍ക്കാനാണ് ശ്രമിച്ചത്. അവിടെയെല്ലാം സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃക ഉയര്‍ത്തിയാണ് എ.എം. ആരിഫ് നിലകൊണ്ടത്. അതിന്റെ ഉത്തമ ബോധ്യത്തോടെയാണ് രണ്ടാം വട്ടവും ആലപ്പുഴ കാക്കാന്‍ ആരിഫിനെ തന്നെ പാര്‍ട്ടി നിയോഗിച്ചതും. വികസനം എന്നത്, കണ്ടറിയാനും, അനുഭവിച്ചറിയാനുമുള്ളതാക്കി മാറ്റിയ എം.പിയാണ് ആരിഫ്.

വികസനങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണിത്. ആലപ്പുഴ നഗരത്തെ മികച്ച വിനോദസഞ്ചാര നഗരമാക്കി മാറ്റിയെടുക്കാനുള്ള നിരവധി പദ്ധതികള്‍ വിഭവനം ചെയ്തു പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും. ഇതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ ഇരുമ്പു നടപ്പാലം നിര്‍മ്മിച്ചു. മുസരീസ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആലപ്പുഴ നഗരത്തിന്റെ മുഖഛായ മാറുമെന്നുറപ്പാണ്.

ലൈറ്റ് ഹൗസിന്റെ പൈതൃക ഭംഗി നിലനിര്‍ത്തിക്കൊണ്ടു തന്നെ സമാന്തരമായി ലിഫ്റ്റ് നിര്‍മ്മിക്കാനുള്ള നടപടിയും നടക്കുന്നുണ്ട്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍വശങ്ങള്‍ ഏകീകൃത രീതിയില്‍ മോടിയാക്കലും നടക്കുന്നുണ്ട്. പാര്‍ക്കുകള്‍ സ്ഥാപിച്ച് നഗരം നവീകരിച്ച് വിനോദസഞ്ചാര നഗരമാക്കി ആലപ്പുഴയെ മാറ്റിയെടുക്കാനും എം.പി പരശ്രമം വിജയം കാണും. 20 കോടിരൂപ മുടക്കി പുനര്‍ നിര്‍മ്മിക്കുന്ന ആലപ്പുഴ കടല്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

8.5 കോടി രൂപ മുടക്കി നവീകരിക്കുന്ന ആലപ്പുഴ റയില്‍വെ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാകും. നഗരസഭയിലെ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡിനേയും മുല്ലയ്ക്കല്‍ വാര്‍ഡിനേയും ബന്ധിപ്പിച്ച് കോമേഴ്‌സ്യല്‍ കനാലിന് കുറുകെയാണ് ഇരുമ്പു പാലം നിര്‍മ്മിച്ചത്. നഗരത്തിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിക്കും വിധം പൂരവഞ്ചിയുടെ ആകൃതിയില്‍ ഡിസൈന്‍, ലൈറ്റിംഗ് സംവിധാനത്തോടെ ഉള്ളതാണ് പാലം.

അമൃത് 1.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 55 ലക്ഷം രൂപയും നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ നിന്ന് അനുവദിച്ച 11 ലക്ഷം രൂപയും വിനിയോഗിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്താന്‍ നിരന്തരം യോഗങ്ങള്‍ വിളിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന എം.പി കൂടിയാണ് ആരിഫ്.

പദ്ധതികളുടെ എസ്റ്റിമേറ്റ് എടുക്കുന്നതില്‍ ഉള്‍പ്പെടെ കാലതാമസം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്നത്. അനുമതി ലഭിക്കുന്ന പദ്ധതികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിലും എം.പിക്ക് കഴിവുണ്ടായിരുന്നു. ആലപ്പുഴയുടെ എം.പിയായ 2019-20 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എ.എം ആരിഫ് എംപി 68.13 ശതമാനം തുകയും വിനിയോഗിച്ചിരുന്നു.

പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത 18 പ്രവൃത്തികളില്‍ എട്ടെണ്ണവും ആ വര്‍ഷം പൂര്‍ത്തീകരിക്കുകയും ചെയ്തു. കോവിഡ് പ്രത്യേക പ്രോജക്ടുകള്‍ക്ക് പ്രാധാന്യം നല്‍കി. കായംകുളം താലൂക്ക് ആശുപത്രിക്ക് രണ്ടു പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ വാങ്ങിനല്‍കി. ഇതിനായി 12.20 ലക്ഷം രൂപയാണ് ചെലവിട്ടത്. വണ്ടാനം മെഡിക്കല്‍ കോളേജിനായി മൂന്ന് പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ വാങ്ങി നല്‍കി. ഇതിനായി 18.31 ലക്ഷം രൂപയാണ് എം.പി. ഫണ്ടില്‍ നിന്നും ചെലവാക്കിയത്.

ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനായി 20 ലക്ഷം രൂപ ചെലവില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന സംവിധാനം ഒരുക്കി. മൂന്ന് റോഡ് നിര്‍മ്മാണ പദ്ധതികളും പട്ടണക്കാട് മിനി മാസ്സ് ലൈറ്റ് അനുവദിച്ചതുമടക്കമുള്ള വികസന പദ്ധതികളും നടപ്പാക്കി. പട്ടികജാതി വിഭാഗത്തിനായുള്ള ആറു പദ്ധതികള്‍ക്കായി 96.11 ലക്ഷം രൂപയാണ് എംപി ഫണ്ടില്‍ നിന്നും നീക്കി വെച്ചത്. ജില്ലയിലെ വിവിധ ബ്ലോക്കുകളുടെ പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി 7 ആംബുലന്‍സും പാലിയേറ്റീവ് കെയറിനായി ഒരു ആംബുലന്‍സും എംപി ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

ജില്ലയിലെ നാലു റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള റോഡു നിര്‍മ്മാണത്തിനും തുക അനുവദിച്ചു. ആലപ്പുഴ (40 ലക്ഷം ), മാരാരിക്കുളം (15 ലക്ഷം ), ഹരിപ്പാട് (10 ലക്ഷം ), അമ്പലപ്പുഴ (10 ലക്ഷം ) എന്നിങ്ങനെയാണ് അനുവദിച്ചത്. പിന്നിട്ട വര്‍ഷങ്ങളിലെല്ലാം ആലപ്പുഴ സമഗ്ര വികസനത്തിനും, ജനങ്ങളുടെ ക്ഷേമത്തിനുമായി ആരിഫ് നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നതിനും തെളിവുകളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ്, പാര്‍ലമെന്റില്‍ പൗരത്വ ബില്ലിനെതിരേ മുഴങ്ങിയ ആരിഫിന്റെ ശബ്ദം.

2006ല്‍ അരൂരില്‍ ഗൗരിയമ്മയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2019ല്‍ കോണ്‍ഗ്‌സിലെ ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിച്ചാണ് ലോക്‌സഭയില്‍ എത്തുന്നത്. 2019ലെ തെരഞ്ഞെടുപ്പുവേളയില്‍ ആലപ്പുഴയുടെ സമഗ്രവികസനം സംബന്ധിച്ച 40 കാര്യം ചൂണ്ടിക്കാട്ടി പ്രസിദ്ധീകരിച്ച രേഖ മുന്‍നിര്‍ത്തി മുന്‍ഗണനാടിസ്ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുകയായിരിക്കും പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ചെയ്യുകയെന്നാണ് ആരിഫ് പറഞ്ഞിരുന്നത്.

ബൈപാസ് പൂര്‍ത്തീകരിക്കുക, പൈതൃക പദ്ധതി, റെയില്‍വേ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതെല്ലാം കൃത്യമായി നടപ്പാക്കാന്‍ ശ്രമിച്ചതും ആലപ്പുഴക്കാര്‍ കണ്ടു. ഈ പ്രോഗ്രസ് കാര്‍ഡുമായാണ് എ.എം. ആരിഫ് വീണ്ടും ആലപ്പുഴയുടെ വോട്ടര്‍മാരോട് ചേര്‍ന്നു നില്‍ക്കുന്നത്. വിധിയെഴുത്തിന്റെ വേളയില്‍ ആരിഫല്ലാതെ മറ്റാരെയാണ് തെരഞ്ഞെടുക്കുകയെന്ന ഒറ്റ ഉത്തരത്തിലേക്ക് ആലപ്പുഴ ചുരുങ്ങുകയാണ്.