ബെംഗളൂരുവില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ ആക്രമണം : 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ കാറില്‍ സഞ്ചരിച്ച യുവതിക്ക് നേരെ ആക്രമണം. സ്‌കൂട്ടറില്‍ സഞ്ചരിച്ച മൂന്ന് യുവാക്കള്‍ യുവതിയുടെ വാഹനത്തെ പിന്തുടരുകയായിരുന്നു. യുവാക്കളുടെ വീഡിയോ ഫോണില്‍ പകര്‍ത്തി യുവതി പൊലീസിനെ അറിയിച്ചു. വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി. സംഭവത്തില്‍ പൊലീസ് 3 പേരെ അറസ്റ്റ് ചെയ്തു.

മഡിവാള-കോറമംഗല റോഡിലാണ് സംഭവം നടന്നത്. സ്‌കൂട്ടറിലുള്ള ആളുകള്‍ തന്നെ പിന്തുടരുകയാണെന്നും അവര്‍ തന്റെ വാഹനത്തില്‍ ഇടിക്കുന്നുണ്ടെന്നും യുവതി പൊലീസിനോട് പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. യുവതി വാഹനത്തിന്റെ ലൊക്കേഷന്‍ പൊലീസിന് നല്‍കുന്നതും സഹായത്തിനായി നിലവിളിക്കുന്നതും വീഡിയോയില്‍ ഉണ്ട്.

അക്രമികള്‍ പിന്തുടരുന്നതിനിടയില്‍ യുവതി വലത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ചെയ്ത ശേഷം കാര്‍ ഇടത്തേക്ക് തിരിച്ചത് അക്രമികളെ പ്രകോപിപ്പിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കാറിനെ മറി കടന്നെത്തിയ അക്രമികള്‍ കാറിന്റെ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. മൂന്ന് പേര്‍ തന്റെ കാറിന്റെ പിന്നില്‍ ഇടിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. മഡിവാള അണ്ടര്‍ പാസില്‍ നിന്ന് കോറമംഗല അഞ്ചാം ബ്ലോക്ക് വരെ അക്രമികള്‍ കാറിനെ പിന്തുടർന്നിരുന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.