സോഫ്റ്റ് വെയര്‍ ഡെവലപ്പിങ് ജോലികള്‍ എളുപ്പത്തിലാക്കുവാൻ എഞ്ചിനീയര്‍മാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡെവിന്‍ യുഎസ് കമ്പനിയായ കൊഗ്നിഷ് നിർമ്മിച്ചെടുത്തത്. മാര്‍ച്ച് 13 നാണ് ഡെവിൻ എല്ലാവര്ക്കും സുപരിചിതമാകുന്നത്. ലോകത്തിലെ ആദ്യത്തെ എ ഐ സോഫ്റ്റ്‌വെയർ എൻജിനിയർ എന്ന പട്ടവും ഡെവിനുണ്ട്. സാങ്കേതിക രംഗത്തെ കൂടുതൽ അപ്ഡേറ്റഡാക്കി മാറ്റുവാൻ ഡെവിൻ സഹായിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോൾ ഡെവിന്‍ എഐയുടെ ഒരു ഓപ്പണ്‍ സോഴ്‌സ് ഇന്ത്യന്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് മലയാളിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മുഫീദ് വിഎച്ച്. ദേവിക പേര് നൽകിയിരിക്കുന്നത്.
ലിമിനല്‍ എന്ന സൈബര്‍ സുരക്ഷാ കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിന്റെ സ്ഥാപകനും സ്റ്റിഷന്‍ എഐയുടെ സഹസ്ഥാപകനുമാണ് തൃശൂര്‍ ചാവക്കാട് എടക്കര സ്വദേശിയായ മുഫീദ്.
മനുഷ്യരുടെ നിര്‍ദേശങ്ങള്‍ മനസിലാക്കാനും അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനും റിസര്‍ച്ച് നടത്താനും സ്വയം കോഡുകള്‍ എഴുതാനുമെല്ലാം ദേവികയ്ക്ക് സാധിക്കും. ഡെവലപ്പര്‍ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബില്‍ ദേവിക ഇതിനകം വൈറലായി കഴിഞ്ഞു
മാർച്ച് 14 നാണ് മുഫീദ് ദേവീകയെ കുറിച്ചുള്ള ആദ്യ പോസ്റ്റ് പങ്കുവെച്ചത്. ശേഷം മൂന്ന് ദിവസങ്ങളിലായി 20 മണിക്കൂര്‍ നേരം മാത്രം ചെലവിട്ടാണ് മുഫീദ് ദേവികയെ തയ്യാറാക്കിയത്. ഇത് ഓപ്പണ്‍ സോഴ്‌സ് ആയി പ്രസിദ്ധീകരിക്കുകയും ചെയ്തു.
ആര്‍ക്ക് വേണമെങ്കിലും ദേവികയുടെ കോഡുകള്‍ അവരുടെ താല്‍പര്യാനുസരണം ഉപയോഗിക്കാനും പുതിയ ഉല്പന്നങ്ങള്‍ നിര്‍മിക്കാനും അത് വിപണനം ചെയ്യാനും അനുവാദമുണ്ട്. ഓപ്പണ്‍ സോഴ്‌സ് ആയതിനാല്‍ നിരവധി ആളുകള്‍ ഇതിനകം ദേവികയ്ക്ക് വേണ്ടിയുള്ള സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും അത് പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഫീദ് പറഞ്ഞു.
ഡെവിന് പകരമായി ഉപയോഗിക്കാവുന്ന ഓപ്പണ്‍സോഴ്‌സ് ഓപ്ഷന്‍ എന്ന നിലയിലാണ് ഡെവിനും ദേവികയും തമ്മിലുള്ള മത്സരം എന്ന് അദ്ദേഹം പറയുന്നു.
വിശകലന ശേഷിയില്‍ നിലവില്‍ ദേവികയേക്കാള്‍ ഒരു പടി മുന്നിലാണ് ഡെവിന്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗിറ്റ്ഹബ്ബില്‍ വരുന്ന സോഫ്റ്റ് വെയര്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനുള്ള ലാര്‍ജ് ലാഗ്വേജ് മോഡലുകളുടെ ശേഷി പരിശോധിക്കുന്ന എസ്ഡബ്ല്യുഇ ബെഞ്ച്മാര്‍ക്കില്‍ 13.86 ശതമാനം പ്രശ്‌നങ്ങള്‍ യാതൊരു വിധ സഹായവുമില്ലാതെ പരിഹരിക്കാന്‍ ഡെവിന് സാധിച്ചിട്ടുണ്ട്. ദേവികയുടെ എസ്ഡബ്ല്യുഇ ബെഞ്ച് മാര്‍ക്ക് പരിശോധിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.