കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യു.ഡി.എഫ് പരാതിയിൽ മന്ത്രി മുഹമ്മദ് റിയാ സിനോട് തെരഞ്ഞെടുപ്പ് ചുമതലയുള്ള കലക്ടര്‍ വിശദീകരണം തേടി. ഇന്നലെ നളന്ദ ഓഡിറ്റോറിയത്തിൽ എൽ.ഡി.എഫ് നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് വിവാദങ്ങളുടെ തുടക്കം. കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു പ്രസംഗത്തിൽ മന്ത്രി റിയാസ് പറഞ്ഞത്.
എന്നാൽ, ആരോപണം മുഹമ്മദ് റിയാസ് തള്ളി. നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതിൽ കുതിരകയറിയിട്ട് കാര്യമില്ലെന്നും പറഞ്ഞു. ഇനിയും ഇക്കാര്യങ്ങൾ പറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്ന് കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീം പ്രതികരിച്ചു.
Read more : റിയാസ് മൗലവി വധക്കേസ് : ഉന്നത പൊലീസ് സംഘം പുനഃരന്വേഷിക്കണമെന്ന് എം.എം ഹസ്സൻ
യു.ഡി.എഫിന്റെ പരാതിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് പറഞ്ഞ അദ്ദേഹം വീഡിയോ ഗ്രാഫർക്ക് പരാതിയുണ്ടെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും പറഞ്ഞു. പരിപാടിയുടെ ദൃശ്യങ്ങൾ സഹിതമാണ് യു.ഡി.എഫ് പരാതി നൽകിയത്. മന്ത്രിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വീഡിയോ ഗ്രാഫറെ ഭീഷണിപ്പെടുത്തി മായ്ച്ചുകളഞ്ഞെന്നാണ് ആരോപണം.