ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ്. ഹൃദയാഘാതവും, ഹൃദയധമനികളിൽ ഉണ്ടാകുന്ന ബ്ലോക്കുമാണ് ഏറ്റവും അപകടകരം. ഭക്ഷണശൈലിയിലും ജീവിതശൈലിയിലുമുണ്ടായ അനാരോഗ്യകരമായ മാറ്റങ്ങളാണ് ഹൃദയാരോഗ്യം അപകടത്തിലാകാൻ കാരണം.
ഹൃദയ ആരോഗ്യത്തെ സംരക്ഷിക്കാൻ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനോടൊപ്പം,വ്യായാമം, ഉറക്കം എന്നിവയെല്ലാം ശ്രദ്ധിക്കണം. ഹൃദയാരോഗ്യം ശ്രദ്ധിക്കാതിരുന്നാൽ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കും.
ഹൃദയാരോഗ്യം തകരാറിലാകുന്നതിന്റെ ലക്ഷണങ്ങൾ
കൊറോണറി ധമനികളിലെ തടസ്സം കാരണം ആളുകൾക്ക് രാത്രി സമയങ്ങളിൽ ശ്വാസതടസ്സം അല്ലെങ്കിൽ നടക്കുമ്പോൾ ക്ഷീണം അനുഭവപ്പെടാം.
ഹൃദയം ദുർബലമാകുമ്പോൾ ശരീരത്തിന് ആവശ്യമുള്ളത്ര രക്തം പമ്പ് ചെയ്യാൻ അതിന് കഴിയില്ല, ഇത് തലകറക്കത്തിലേക്ക് നയിക്കുന്നു.
പലപ്പോഴും, ഹൃദയസ്തംഭനം മൂലം ടിഷ്യൂകളിൽ അധിക ദ്രാവകങ്ങൾ അടിഞ്ഞുകൂടുന്നു. ഇത് പെഡൽ എഡിമയ്ക്ക് കാരണമാകും. ഇത് കാലുകളിൽ വീക്കം ഉണ്ടാക്കുന്നു.
ദുർബലമായ ഹൃദയം വൃക്കകളുടെ പെർഫ്യൂഷൻ കുറയുന്നതിന് ഇടയാക്കും. ഇത് മൂത്രത്തിന്റെ അളവ് കുറയുകയും ഡയാലിസിസിനും മറ്റ് ഗുരുതരമായ രോഗങ്ങൾക്കും ഇടയാക്കുകയും ചെയ്യും.
ഹൃദയത്തിനു വേണം ഇവ മൂന്നും
ഒമേഗ 3
ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് ഒമേഗ 3 ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.
ഹൃദയത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമൊക്കെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. സാൽമൺ, അവക്കാഡോ, ചിയ വിത്തുകൾ, വാൽനട്സ്, സോയാബീൻ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും.
രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇവ സഹായിക്കുന്നു. കൂടാതെ, അവ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ ഡയറ്റില്‍ ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ഫൈബര്‍
ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. അതിനാല്‍ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പയറുവര്‍ഗങ്ങളും നട്സും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആന്‍റിഓക്സിഡന്‍റുകള്‍
ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ആന്‍റിഓക്സിഡന്‍റുകളും അത്യന്താപേക്ഷിതമാണ്. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബെറി പഴങ്ങള്‍, സിട്രസ് പഴങ്ങൾ, ഇലക്കറികൾ, നട്സ് തുടങ്ങിയ ആന്‍റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കാം.
എന്തൊക്കെ ചെയ്യാം?
ആരോഗ്യകരമായ ഭക്ഷണക്രമം
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, പൂരിതവും ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുകയോ നന്നായി നിയന്ത്രിക്കുകയോ ചെയ്യുക.
വ്യായാമം
ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ജോഗിംഗ്, നീന്തൽ സൈക്ലിംഗ് പോലുള്ള ഹൃദയത്തിന് ഗുണകരമായ വ്യായാമങ്ങൾ ചെയ്യണം. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം.
അമിതഭാരം
പൊണ്ണത്തടി ഹൃദയത്തെ ആയാസപ്പെടുത്തുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. സമീകൃതാഹാരം പിന്തുടരുകയും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്താൽ ശരീരഭാരം ആരോഗ്യകരമായി നിലനിർത്താനാകും.
സമ്മർദ്ദം നിയന്ത്രിക്കുക
വിട്ടുമാറാത്ത സമ്മർദ്ദം ഹൃദ്രോഗത്തിന് കാരണമാകും. വ്യായാമം, ധ്യാനം, യോഗ, അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ തേടുന്നത് പോലുള്ള സമ്മർദ്ദം നിയന്ത്രിക്കാൻ ആരോഗ്യകരമായ വഴികൾ തെരഞ്ഞെടുക്കുക.