സ്മാർട്ട്ഫോൺ ചാർജ് ചെയ്യാനായി പൊതുസ്ഥലങ്ങളിലെ യു.എസ്.ബി ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടലുകള്‍ നമ്മളിൽ പലരും ഉപയോഗിച്ചിട്ടുണ്ടാകും. എങ്കിൽ, അത്തരക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രം. വിമാനത്താവളങ്ങൾ, കഫേകൾ, ഹോട്ടലുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിലെ ഫോൺ ചാർജിങ് പോർട്ടലുകൾ ഉപയോഗിക്കരുതെന്ന് ഐ ടി മന്ത്രാലയം പറഞ്ഞിട്ടുണ്ട്. പുതിയ ‘യു.എസ്.ബി ചാർജർ സ്കാം’ കണ്ടെത്തിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ജൂസ് ജാക്കിങ് എന്നാണ് യുഎസ്ബി ഉപയോഗിച്ചുളള ഹാക്കിങ്ങിനെ വിളിക്കുന്നത്. ചാര്‍ജിങ്ങിനായുള്ള യു.എസ്.ബി പോര്‍ട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഹാക്കര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ചാര്‍ജിങ്ങിനും ഡാറ്റാ കൈമാറ്റത്തിനുമായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ഒരേ കേബിള്‍ തന്നെയാകുന്നത് തട്ടിപ്പിനിരയാകാന്‍ സാധ്യത കൂടുതലാണ്.
ജൂസ് ജാക്കിങ് ചെയ്യപ്പെട്ട യു.എസ്.ബി പോർട്ടുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാനായി നിങ്ങളുടെ ഫോൺ കണക്ട് ചെയ്യുന്നതോടെ സൈബർ കുറ്റവാളികൾക്ക് ഫോണിൽ മാൽവെയറുകൾ ഇൻസ്റ്റാർ ചെയ്യാൻ കഴിഞ്ഞേക്കും. ഇത് വ്യക്തിഗത വിവരങ്ങളുടെ മോഷണത്തിന് വരെ കാരണമായേക്കാം. ബാങ്കിങിനായി ഉപയോഗിക്കുന്ന പാസ് വേഡുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു.
കൂടാതെ ransomware പോലുള്ള അപകടകാരിയായ മാൽവെയർ ഉപയോഗിച്ച് ഫോൺ എൻക്രിപ്റ്റ് ചെയ്ത് നിങ്ങളോട് പണത്തിന് വരെ ആവശ്യപ്പെട്ടേക്കാമെന്നും ഐ.ടി മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. www.cybercrime.gov.in എന്ന സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് സൈബര്‍ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാം.