തദ്ദേശ പൊതു സർവീസിൽ പുതിയ ഹെഡ് ഓഫ് അക്കൗണ്ട് ഏർപ്പെടുത്തിയതിനെ തുടർന്ന് അവതാളത്തിലായ ശമ്പളം വിതരണ നടപടികൾ പുനസ്ഥാപിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ സ്വരാജ് ഭവനിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചു വകുപ്പുകളെ കൂട്ടിച്ചേർത്തുകൊണ്ട് തദ്ദേശ പൊതുസർവീസ് രൂപീകരിച്ചുവെങ്കിലും ശമ്പള വിതരണത്തിന് പൊതുവായ ഹെഡ് ഓഫ് അക്കൗണ്ട് അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്ന് അക്കൗണ്ടൻറ് ജനറൽ വകുപ്പിന് പൊതുവായ ഹെഡ് ഓഫ് അക്കൗണ്ട് അനുവദിക്കുകയുണ്ടായി.
ഏപ്രിൽ ഒന്നു മുതൽ പുതിയ ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്ന് വേണം ശമ്പളവും മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടത്. എന്നാൽ പുതിയ ശീർഷകം ലഭ്യമായിട്ടും അനുബന്ധ പ്രവർത്തികൾ പൂർത്തിയാകാത്തതിനാൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യമാണ്. വിഷുവും റംസാനും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങൾ വരുന്ന മാസമായതിനാൽ ജീവനക്കാരുടെ ശമ്പളം വൈകുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.
കഴിഞ്ഞമാസം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ എല്ലാ വകുപ്പിലും ശമ്പളം വൈകിയിരുന്നു. ഇപ്പോൾ മറ്റു കാരണങ്ങൾ പറഞ്ഞ ശമ്പളം മനപ്പൂർവ്വം വൈകിപ്പിക്കുകയാണ്. ജീവനക്കാരുടെ ഡിഎ കുടിശ്ശികയും, ശമ്പളപരിഷ്കരണത്തിന്റെ അരിയറും ലീവ് സറണ്ടർ ഉൾപ്പെടെയുള്ളവ കവർന്നെടുത്തത് പോലെ ശമ്പളവും കവർന്നെടുക്കാനുള്ള ഗൂഢശ്രമം ആണ് നടക്കുന്നത്.
ഇതിനെ തുടർന്ന് ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് പ്രിൻസിപ്പൽ ഡയറക്ടർ ഉറപ്പുനൽകി. ജില്ലാ പ്രസിഡൻറ് ആർഎസ്എസ് പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. എം എസ് അജിത് കുമാർ, അഖിൽ എസ്.പി, സുധീഷ് കുമാർ, ഹസീന, ബിജുകുമാർ, സജി, ബാലു പവിത്രൻ, ആദർശ്, വിജയകുമാർ എന്നിവർ സംസാരിച്ചു.