ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത നക്‌സൽ വിരുദ്ധ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ.
ജില്ലാ റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ (കോബ്ര) എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് ഓപ്പറേഷനായി വിന്യസിച്ചിരിക്കുന്നത്.
ഏറ്റുമുട്ടലിന് ശേഷം ലൈറ്റ് മെഷീൻ ഗണ്ണും മറ്റ് ആയുധങ്ങളും ഉൾപ്പെടെ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്.
ബസ്തർ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബീജാപൂർ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്. ഈ വർഷം ഇതുവരെ ബസ്തർ മേഖലയിൽ സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 41 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.