കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി ഐസിയു പീഡനക്കേസിൽ അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി അനിത. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് അനിത ഇന്ന് ഉപവസിച്ചു.
ഏപ്രിൽ ഒന്നുമുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതുപ്രകാരം ഇന്നലെ സിസ്റ്റർ പി ബി അനിത മെഡിക്കൽ കോളേജിൽ എത്തി. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല എന്ന് നേഴ്സ് ആയ പി വി അനിത പറയുന്നു. ഇതോടെയാണ് രാവിലെ ഉപവാസ സമരം ആരംഭിച്ചത്.
അതേസമയം, സർക്കാർ തലത്തിൽ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ വെച്ച് 2023 മാർച്ച് 18നാണ് യുവതി പീഡനത്തിനിരയായത്. സംഭവത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്‍കിയതിന് പിന്നാലെയാണ് അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്.