തൃശൂർ: തൃശൂരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഒഡിഷ ഖഞ്ജം സ്വദേശിയെന്ന് പൊലീസ്. പ്രതി രജനീകാന്ത് (42) സംഭവം നടക്കുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
പ്രതിയെ പാലക്കാട്ടുനിന്നാണ് പിടികൂടിയത്. ടി.ടി.ഇയും എറണാകുളം സ്വദേശിയുമായ കെ വിനോദാണ് മരിച്ചത്. എറണാകുളം- പട്ന എക്സപ്രസിൽ നിന്നാണ് വിനോദിനെ തള്ളിയിട്ടത്.
ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. 6.41നാണ് ട്രെയിൻ തൃശൂരിൽനിന്ന് എടുക്കുന്നത്. ഏഴ് മണിയോടെ വെളപ്പായ ഓവർ ബ്രിഡ്ജിന് സമീപമാണ് സംഭവം. പ്രതിയുടെ കൈവശം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത ടി.ടി.ഇയെ പ്രതി തള്ളിയിടുകയായിരുന്നു. ഈ സമയം മറ്റൊരു വനിതാ ടിടിഇ കൂടെയുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത ആക്രമണത്തില്‍ ഒന്നും ചെയ്യാനായില്ല. രണ്ട് വനിതാ ടിടിഇമാര്‍ ഉള്‍പ്പെടെ ട്രെയിനില്‍ ആകെ ആറ് ടിടിഇമാരുണ്ടായിരുന്നു.
തലയിടിച്ചാണ് വിനോദ് ട്രാക്കിലേക്ക് വീഴുന്നത്. ട്രാക്കില്‍ വീണ വിനോദിന്റെ ദേഹത്ത് കൂടി മറ്റൊരു ട്രെയിന്‍ കയറിയെന്നാണ് റെയില്‍വേ പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം ട്രാക്കിലേക്ക് വീണ വിനോദിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ പലയിടങ്ങളില്‍ നിന്നുമാണ് ലഭിച്ചത്. കാല്‍ അടക്കം വേര്‍പെട്ടുപോയിരുന്നു. തൃശൂരില്‍ നിന്നാണ് പ്രതി ട്രെയിനില്‍ കയറിയതെന്നാണ് വിവരം. പാലക്കാട് നിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ആര്‍പിഎഫിന് കൈമാറി.
അതേസമയം, മരിച്ച വിനോദ് റെയില്‍വേ ജോലിയില്‍ മാത്രമല്ല കലാരംഗത്തും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചു. മോഹന്‍ലാലിനൊപ്പം പുലിമുരുകനിലും വിനോദ് വേഷമിട്ടു. ചെറുപ്പംമുതലേ അഭിനയത്തില്‍ അതീവ തത്പരനായിരുന്നു വിനോദ്. റെയില്‍വേയില്‍ ടിടിഇ ആയി ജോലി ആരംഭിച്ചപ്പോഴും സിനിമാ മോഹം ഉള്ളില്‍ക്കൊണ്ടുനടക്കുകയായിരുന്നു വിനോദ്. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച സംവിധായകന്‍ ആഷിഖ് അബു വഴിയാണ് ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായി വേഷമിട്ടു.
വില്ലാളിവീരന്‍, മംഗ്ലീഷ്, ഹൗ ഓള്‍ഡ് ആര്‍യു, അച്ഛാ ദിന്‍, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, ലൗ 24*7, പുലിമുരുകന്‍, രാജമ്മ@യാഹു, വിക്രമാദിത്യന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍. ഒപ്പം സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് ഡിവൈഎസ്പിയായിട്ടാണ്.