ബംഗളൂരു: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് തോല്‍വി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 28 റണ്‍സിനാണ് ആര്‍സിബി പരാജയപ്പെട്ടത്. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 153 റൺസിന് ഓൾ ഔട്ടായി. നാല് ഓവറിൽ വെറും 14 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് എടുത്ത മായങ്ക് യാദവാണ് ആർ സി ബിയെ എറിഞ്ഞിട്ടത്. ലഖ്നൗവിന്റെ രണ്ടാം ജയമാണിത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കിന്റെ അർധസെഞ്ച്വറിയാണ് സന്ദർശകരെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 56 പന്തിൽ എട്ട് ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 81 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാൻ 21 പന്തിൽ 40 റൺസ് നേടി.
ബാറ്റിങിനെ തുണക്കുന്ന ചിന്നസ്വാമിയിലെ പിച്ചിൽ പവർപ്ലെയിൽ ഡി കോക്കും-രാഹുലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 5-ാം ഓവറിൽതന്നെ ലക്നൗ 50 കടന്നു. പവർപ്ലെയുടെ അവസാന പന്തിൽ ഗ്ലെൻ മാക്സ്വെലിനെ കൂറ്റനടിക്ക് ശ്രമിച്ച കെഎൽ രാഹുൽ മയങ്ക് ഡഗറിന് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കൽ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 11 പന്തിൽ ആറു റൺസെടുത്ത താരത്തെ മുഹമ്മദ് സിറാജ് മടക്കി. മധ്യ ഓവറുകളിൽ ലഖ്നൗവിനെ വരിഞ്ഞ് മുറുക്കിയ ബെംഗളൂരു ബൗളിങിൽ മികച്ചു നിന്നു. എന്നാൽ അവസാന ഓവറുകളിൽ നിക്കോളാസ് തുടരെ സിക്സർ അടിച്ച് സ്കോറിങ് ഉയർത്തി.
ആർസിബി നിരയിൽ ഗ്ലെൻ മാക്സ്വെൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
182 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വിരാട് കോലി (22), ഫാഫ് ഡു പ്ലെസിസ് (19), ഗ്ലെന്‍ മാക്സ്വെല് (0) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. മാക്സ്വെല് മടങ്ങുമ്പോള്‍ മൂന്നിന് 43 എന്ന നിലയിലായിരുന്നു ആര്‍സിബി. തുടര്‍ന്നെത്തിയവരില്‍ മഹിപാല്‍ ലോംറോര്‍ (13 പന്തില്‍ 33) ആര്‍സിബി നിരയില്‍ തിളങ്ങിയത്. കാമറൂണ്‍ ഗ്രീന്‍ (9), അനുജ് റാവത്ത് (11), രജത് പടിദാര്‍ (29), ദിനേശ് കാര്‍ത്തിക് (4), മായങ്ക് ദാഗര്‍ (0), മുഹമ്മദ് സിറാജ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.