തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെയും സുഹൃത്തുക്കളായ ദമ്പതികളെയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മരിച്ചവരുടെ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം. വട്ടിയൂർക്കാവ് സ്വദേശി ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം സ്വദേശി നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് കാവിൽ ദേവി (41) എന്നിവരെയാണു ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ നവമാധ്യമ ഇടപെടലുകൾ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വ്യാജ അക്കൗണ്ടിൽ ഇവരെ ബ്ലാക് മാജിക്കിനായി സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് സംശയം. മരണാനന്തര ജീവിതത്തിൽ മൂന്ന് പേരും വിശ്വസിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. മരിക്കാന്‍ അരുണാചൽ എന്ത് കൊണ്ട് തെരെഞ്ഞെടുത്തുവെന്നും പൊലീസ് അന്വേഷിക്കും.
മരണാനന്തരജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്നവരുടെ കൂട്ടായ്മ കേരളത്തിൽ തന്നെയുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവർ വെബ്സൈറ്റിൽ തിരഞ്ഞ കാര്യങ്ങൾ സൈബർ വിഭാഗം പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. മരണാനന്തരജീവിതം വിശദമാക്കുന്ന ഒട്ടേറെ യുട്യൂബ് വിഡിയോകളും ഇവർ കണ്ടിരുന്നു. കൺവൻഷനു പോകുന്നുവെന്നു പറഞ്ഞാണു നവീനും ദേവിയും വീട്ടിൽനിന്നു പോയത്. തിരുവനന്തപുരത്തുനിന്ന് ആര്യയെ കൂട്ടി വിമാനമാർഗം അരുണാചലിലേക്കു പോകുകയായിരുന്നു.
അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഏറെയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഇറ്റാനഗറിലേക്ക് വട്ടിയൂക്കാവ് പൊലീസും ബന്ധുക്കൾക്കൊപ്പം പോകും. ദമ്പതിമാരുടെയും സുഹൃത്തിന്റെയും മരണകാരണം ബ്ലാക്ക് മാജിക്ക് ആണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനായിട്ടില്ലെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറയുന്നത്. എന്നാൽ മരണം അസ്വാഭാവികമായാണ് തോന്നുന്നത്. ആത്മഹത്യയെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്നും കമ്മീഷണർ പറഞ്ഞു. മരിക്കാന്‍ എന്ത് കൊണ്ട് അരുണാചൽ തെരഞ്ഞെടുത്തുവെന്ന് അന്വേഷിക്കുമെന്നും മൊബെൽ ഫോൺ അടക്കം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണാനന്തര ജീവിതത്തെ കുറിച്ചെല്ലാം മൂന്ന് പേരും ഇന്റര്‍നെറ്റിൽ തിരഞ്ഞതിന്‍റെ വിശദാംശങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്ന് പേരും ബ്ലാക്ക് മാജിക് വലയിൽ വീണുപോയതായി സംശയിക്കുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.
Read also: രാഹുൽ ഗാന്ധി ഇന്ന് നാമനിർദേശ പത്രിക നൽകും