പാലക്കാട്: കൊല്ലപ്പെട്ട ടിടിഇ കെ വിനോദ് മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന വ്യക്തി. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ വിനോദ് 14ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സഹപാഠി കൂടിയായ ആഷിഖ് അബുവിന്റെ ചിത്രത്തിലൂടെയാണ് വിനോദ് അഭിനയരംഗത്ത് എത്തിയത്. ആദ്യ ചിത്രം മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ ആയിരുന്നു. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യൂ, വിക്രമാദിത്യന്‍, ജോസഫ്, നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്. വിനോദ് കണ്ണൻ എന്നായിരുന്നു സിനിമാ മേഖലയിൽ അറിയപ്പെട്ടിരുന്നത്. സോഷ്യല്‍മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്. വിനോദിന്റെ മരണവിവരം അറിഞ്ഞ് ഞെട്ടിയെന്നാണ് നിര്‍മാതാവായ സാന്ദ്രാ തോമസ് പ്രതികരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴരയോടെ എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് ദാരുണ സംഭവം നടന്നത്. തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ, ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടിയത്.
ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇയെ താന്‍ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് പ്രതി രജനീകാന്ത മൊഴി നല്‍കിയത്. തന്റെ കൈയില്‍ പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പറഞ്ഞത്. രജനീകാന്തയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതായും ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.