ന്യൂഡൽഹി: വനിത താരങ്ങളെ മർദിച്ച സംഭവത്തിൽ ദീപക് ശർമയെ സസ്പെൻഡ് ചെയ്ത് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. എ.ഐ.എഫ്.എഫ് നിർവാഹക സമിതി അംഗവും ഹിമാചൽപ്രദേശ് ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ദീപക്കിനോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഫുട്ബാളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗോവ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ജാമ്യത്തിൽവിട്ടിരുന്നു.
വനിത ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഖാദ് എഫ്.സിയുടെ താരങ്ങളായ പലക് വർമയെയും ഋതിക ഠാകുറിനെയുമാണ് ദീപക് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഗോവയിൽ ആക്രമിച്ചത്. ഹിമാചൽ ക്ലബായ ഖാദ് എഫ്.സി ക്യാമ്പിലെ ഏക പുരുഷനായിരുന്നു ദീപക്. യാത്ര തുടങ്ങിയതുമുതൽ ഇയാൾ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് താരങ്ങൾ എ.ഐ.എഫ്.എഫിന് നൽകിയ പരാതിയിൽ പറഞ്ഞു. വിഷയത്തിൽ ഇടപെട്ട കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാകുർ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ടിരുന്നു.