സോണിയുടെ ഏറ്റവും പുതിയ ഗെയിമിങ് കണ്‍സോള്‍ പ്ലേസ്റ്റേഷന്‍ 5 സ്ലിം ഏപ്രില്‍ അഞ്ച് മുതല്‍ ഇന്ത്യയില്‍. പ്ലേ സ്റ്റേഷന്‍ 5 ലെ അതേ ഹാര്‍ഡ് വെയറുമായി എത്തുന്ന കണ്‍സോളില്‍ കൂടുതല്‍ സ്‌റ്റോറേജുണ്ടാവും.
പ്ലേസ്റ്റേഷന്‍ 5 സ്ലിമ്മിന്റെ ഡിസ്‌ക്, ഡിസ്‌ക് ലെസ് വേര്‍ഷനുകള്‍ ലഭ്യമാവും. സാധാരണ പ്ലേ സ്‌റ്റേഷന്‍ പതിപ്പിനേക്കാള്‍ 25 ശതമാനം ഭാരം കുറവാണ് സ്ലിം പതിപ്പിന്. 1 ടിബി വരെ ഇന്റേണല്‍ സ്റ്റോറേജുണ്ട്. എസ്എസ്ഡി ഉപയോഗിച്ച് ഇത് വര്‍ധിപ്പിക്കാനുമാവും. ഒക്ടോബറില്‍ അവതരിപ്പിച്ച പ്ലേ സ്റ്റേഷന്‍ 5 സ്ലിം യുഎസില്‍ മാത്രമാണ് ലഭ്യമായിരുന്നത്.
പ്ലേസ്റ്റേഷന്‍ 5 ന്റെ അതേ രൂപകല്‍പനയോടെ എത്തുന്ന പ്ലേസ്റ്റേഷന്‍ 5 സ്ലിമ്മിന്റെ നോണ്‍ ഡിസ്‌ക് വേരിയന്റില്‍ ആവശ്യമെങ്കില്‍ ഡിസ്‌ക് ഡ്രൈവ് ഉള്‍പ്പെടുത്താനും സാധിക്കും. ഈ ആഡ് ഓണ്‍ ഡിസ്‌ക് ഡ്രൈവും ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
പ്ലേസ്റ്റേഷന്‍ 5 ല്‍ യുഎസ്ബി സി, യുഎസ്ബി എ പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ സ്ലിം വേര്‍ഷനില്‍ രണ്ട് യുഎസ്ബി സി പോര്‍ട്ടുകള്‍ മാത്രമാണുള്ളത്. പ്ലേസ്റ്റേഷന്‍ 5 സ്ലിമ്മിന്റെ ഡിസ്‌ക് വേര്‍ഷന് 54990 രൂപയും ഡിജിറ്റല്‍ അഥവാ ഡിസ്‌ക് ലെസ് വേര്‍ഷന് 44990 രൂപയും ആണ് വില.